വെല്ലിങ്‌ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്‌ക്ക് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ദേശവുമായി പരിശീലകന്‍ വിവിഎസ് ലക്ഷ്‌മണ്‍. സാഹചര്യം മനിസലാക്കി ഭയമില്ലാതെ കളിക്കണമെന്നാണ് കോച്ച് താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യ ടി20 മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ പരിശീലകന്‍ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ടി20 ക്രിക്കറ്റില്‍ സ്വാതന്ത്ര്യത്തോടെയും നിര്‍ഭയത്തോടെയും വേണം നമ്മള്‍ കളിക്കാന്‍. ആ രീതി പിന്തുടരുന്ന താരങ്ങള്‍ നമുക്കൊപ്പമുണ്ട്. അവര്‍ ഭയമില്ലാതെ ബാറ്റ് ചെയ്യുകയും സാഹചര്യങ്ങള്‍ക്കനുസരിച്ച് കളി മെനയുകയും ചെയ്യുക എന്നതാണ് ക്യാപ്‌റ്റനും മാനേജ്‌മെന്‍റും അവര്‍ക്ക് നല്‍കുന്ന നിര്‍ദേശം- ലക്ഷ്‌മണ്‍ പറഞ്ഞു.
ക്രിക്കറ്റിന്‍റെ ചെറിയ ഫോര്‍മാറ്റായ ടി20യില്‍ ബാറ്റും ബോളും ഒരുപോലെ ചെയ്യാന്‍ കഴിവുള്ള താരങ്ങളെയാണ് ആവശ്യമെന്നും ലക്ഷ്‌മണ്‍ അഭിപ്രായപ്പെട്ടു. ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബോളര്‍മാര്‍ ടീമിലുണ്ടായല്‍ അത് ബാറ്റിങ് ലൈനപ്പിന്‍റെ ആഴം കൂട്ടുകയും മറ്റ് ബാറ്റര്‍മാര്‍ക്ക് ആശങ്കപ്പെടാതെ കളിക്കാനും സാധിക്കും. ഈ ഫോര്‍മാറ്റിന് അത്തരം താരങ്ങളെയാണ് ആവശ്യം.
ഹാര്‍ദിക് പാണ്ഡ്യയുടെ നായകമികവിനെയും ഇന്ത്യന്‍ പരിശീലകന്‍ പ്രശംസിച്ചു. തന്ത്രങ്ങള്‍ മെനയുന്നതില്‍ മാത്രമല്ല ഗ്രൗണ്ടിലെ അവന്‍റെ ശാന്തമായ പെരുമാറ്റവും മികച്ചതാണ്. സമ്മര്‍ദഘട്ടങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഒരു നായകന് ആ ശൈലി ആവശ്യമാണ്.
ഐപിഎല്ലില്‍ അവന്‍ എന്താണ് ചെയ്‌തതെന്ന് നമ്മള്‍ കണ്ടിരുന്നു. അയര്‍ലന്‍ഡ് പര്യടനത്തിനിടെ ഞാന്‍ അവനൊപ്പം സമയം ചെലവഴിച്ചിരുന്നു. ഹാര്‍ദിക്കിന്‍റെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളുമെല്ലാം മറ്റ് താരങ്ങള്‍ക്ക് മാതൃകാപരമാണ്. താരങ്ങള്‍ക്കെല്ലാം തന്നെ അദ്ദേഹത്തിന്‍റെ ക്യാപ്‌റ്റന്‍സിയില്‍ വിശ്വസമാണുള്ളതെന്നും ലക്ഷ്‌മണ്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസിലന്‍ഡ് - ഇന്ത്യ ടി20 പരമ്പര നാളെ മുതലാണ് ആരംഭിക്കുന്നത്. മത്സരങ്ങളാണ് പരമ്പരയില്‍. ലോകകപ്പിന് പിന്നാലെ നടക്കുന്ന പരമ്പരയായതിനാല്‍ പ്രധാന താരങ്ങളും പരിശീലകനും ഇല്ലാതെയാണ് ഇന്ത്യന്‍ ടീം കിവീസിലെത്തിയത്.
ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്