കൊൽക്കത്ത : കൈവിരലിന് പരിക്കേറ്റതിനെത്തുടർന്ന് ഇന്ത്യൻ യുവതാരം സർഫറാസ് ഖാൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റായ ഇറാനി കപ്പിൽ നിന്ന് പുറത്തായി. ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ താരമായ സർഫറാസ് ഖാന് ടീമിന്‍റെ പരിശീലന ക്യാമ്പിനിടെ ഇടത് കൈവിരലിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. മാർച്ച് 1ന് ഗ്വാളിയോറിലാണ് ഇറാനി കപ്പ് ആരംഭിക്കുക.
ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ (RoI) ടീമിന്‍റെ താരമായ സർഫറാസ് ഞായറാഴ്‌ച ഈഡൻ ഗാർഡൻസിൽ നടന്ന പരിശീലന മത്സരം ഒഴിവാക്കിയിരുന്നു. മധ്യപ്രദേശിനെതിരെയാണ് ഇത്തവണ റെസ്റ്റ് ഓഫ് ഇന്ത്യ ടീം ഇറാനി കപ്പിനിറങ്ങുന്നത്. അതേസമയം റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മായങ്ക് അഗർവാൾ ടീമിന്‍റെ നായകനാകുമെന്നാണ് റിപ്പോർട്ടുകൾ.
ബംഗാള്‍ ബാറ്റര്‍മാരായ അഭിമന്യു ഈശ്വരന്‍, സുദീപ് ഘരാമി, മുംബൈ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍-ഓപ്പണര്‍ ഹാര്‍വിക് ദേശായി, രഞ്ജി ട്രോഫി കിരീടം നേടിയ സൗരാഷ്ട്ര ടീമില്‍ നിന്നുള്ള ഇടങ്കയ്യന്‍ സീമര്‍ ചേതന്‍ സക്കറിയ എന്നിവരടങ്ങുന്നതായിരുന്നു റെസ്റ്റ് ഓഫ് ഇന്ത്യ ടീം. ഡൽഹി ക്യാപ്‌റ്റൻ യാഷ് ദുൽ, വിക്കറ്റ് കീപ്പര്‍ ഉപേന്ദ്ര യാദവ്, ബാബ ഇന്ദ്രജിത്ത് എന്നിവരും ടീമിലുണ്ടാകും.
അതേസമയം പരിക്കുമൂലം ഏറെ നാളായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്തിരിക്കുന്ന ഇഷാന്ത് ശർമ ഞായറാഴ്‌ച നടന്ന പരിശീലന ക്യാമ്പിൽ താളം കണ്ടെത്താൻ പാടുപെട്ടു. ഈ സീസണിൽ രഞ്ജി ട്രോഫിയിൽ ഒരു മത്സരം മാത്രമാണ് ഇഷാന്ത് കളിച്ചത്. പിന്നാലെ പരിക്കിനെത്തുടർന്ന് താരം ടീമിന് പുറത്താവുകയായിരുന്നു.