മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ സപ്‌ന ഗില്ലും തമ്മിലുള്ള വിവാദം മറ്റൊരു തലത്തിലേക്ക്. പൃഥ്വി ഷായ്‌ക്കെതിരെ പരാതി നല്‍കി സപ്‌ന ഗില്‍. പൃഥ്വി ഷായും സുഹൃത്തിനെയും ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സപ്‌ന താരത്തിനെതിരെ മുംബൈ എയർപോർട്ട് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
ഫെബ്രുവരി 15ന് മുംബൈയിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ച് സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചിന് സപ്‌ന ഗില്ലും സുഹൃത്തുക്കളും ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയും കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്‌തുവെന്നുള്ള പരാതിയില്‍ ഫെബ്രുവരി 17ന് സപ്‌ന ഗില്ലിനെ ഒഷിവാര പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഈ സംഭവവികാസങ്ങളെ തുടർന്നാണ് തന്‍റെ പരാതി വൈകിയതെന്നാണ് സപ്ന ഗില്‍ പറയുന്നത്.
പൃഥ്വി ഷായും സുഹൃത്തുക്കളും ചേര്‍ന്ന് തങ്ങളെ ആദ്യം പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് സപ്‌ന പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. താനൊരു കടുത്ത ക്രിക്കറ്റ് ആരാധികയല്ലാത്തതിനാല്‍ പൃഥ്വി ഷാ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു. തന്‍റെ സുഹൃത്തായ ശോഭിത് താക്കൂറാണ് താരത്തെ സെൽഫിക്കായി സമീപിച്ചത്.
എന്നാല്‍ ശത്രുതയോടെ പെരുമാറിയ പൃഥ്വി ഷാ ശോഭിത്തിന്‍റെ ഫോൺ ബലമായി പിടിച്ചെടുത്ത് തറയിൽ എറിഞ്ഞ് കേടുവരുത്തിയെന്നും അവർ ആരോപിച്ചു. സംഭവ സമയത്ത് ക്രിക്കറ്റര്‍ മദ്യപിച്ചിരുന്നുവെന്നും സപ്‌ന പറഞ്ഞു. സുഹൃത്തിനെ ആക്രമിക്കരുതെന്ന് പറയുന്ന സമയത്ത് പൃഥ്വി ഷാ തന്നെ അനുചിതമായി സ്പർശിക്കുകയും തള്ളിയിടുകയും ചെയ്തു.
പൊലീസിൽ പരാതി നൽകുമെന്ന് ക്രിക്കറ്റ് താരത്തോടും സുഹൃത്തുക്കളോടും താൻ പറഞ്ഞതായും എന്നാല്‍ അവരുടെ അഭ്യര്‍ഥന പ്രകാരമാണ് പരാതി നല്‍കാതിരുന്നതെന്നും അവര്‍ അവകാശപ്പെട്ടു. സപ്‌നയുടെ പരാതി ലഭിച്ചുവെങ്കിലും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടിലല്ലെന്നാണ് ലഭിക്കുന്ന വിവരം.
വെറും രണ്ട് റീല്‍ മതി: 50,000 രൂപ തന്നില്ലെങ്കിൽ തങ്ങളെ ആക്രമിച്ചുവെന്ന് പരാതി നല്‍കുമെന്ന് സപ്‌ന ഭീഷണിപ്പെടുത്തിയതായി പൃഥ്വി ഷായുടെ സുഹൃത്ത് ആശിഷ് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഇതേക്കുറിച്ചും സപ്‌ന പ്രതികരിച്ചു.
"ഞാൻ 50,000 രൂപ ചോദിച്ചെന്നാണ് അവർ പറയുന്നത്. ഈ കാലത്ത് 50,000 രൂപ കൊണ്ട് എന്തുചെയ്യാനാണ്. രണ്ട് റീലുകൾ ഉണ്ടാക്കിയാല്‍ ഒരു ദിവസം കൊണ്ട് തന്നെ എനിക്ക് അത്രയും സമ്പാദിക്കാം. കുറഞ്ഞത്, ആരോപണങ്ങളിലെങ്കിലും ഒരു നിലവാരം വേണം" സപ്‌ന പറഞ്ഞു.
പൃഥ്വി ഷായുടെ വാദം: ഫെബ്രുവരി 15ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വ്യപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് 16നാണ് പൃഥ്വി ഷായുടെ സുഹൃത്ത് ആശിഷ് സപ്‌നയ്‌ക്കെതിരെ ഒഷിവാര പൊലീസില്‍ പരാതി നല്‍കുന്നത്. ആശിഷിന്‍റെ പരാതി ഇങ്ങനെ....
മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തിനൊപ്പം അത്താഴം കഴിക്കാനെത്തിയ പൃഥ്വി ഷായോട് സപ്‌ന ഗില്ലും സുഹൃത്ത് ശോഭിത് താക്കൂറും സെൽഫി ആവശ്യപ്പെട്ടു. സെൽഫിക്ക് പൃഥ്വി തയ്യാറായെങ്കിലും കുറച്ചുകഴിഞ്ഞ് വീണ്ടും ഇവർ സെൽഫി ആവശ്യപ്പെട്ട് എത്തിയതോടെ താരം അത് നിഷേധിച്ചു. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയതാണെന്നും ശല്യപ്പെടുത്തരുതെന്നും താരം ആവശ്യപ്പെട്ടു.
തുടർന്നും ശല്യം ചെയ്‌തതോടെ പൃഥ്വി ഹോട്ടൽ മാനേജരേയും സുഹൃത്തുക്കളേയും വിളിക്കുകയായിരുന്നു. ഇതോടെ ഹോട്ടൽ മാനേജരെത്തി സപ്‌നയേയും സുഹൃത്തുക്കളേയും ഹോട്ടലിന് പുറത്താക്കി. എന്നാല്‍ ഹോട്ടലിന് പുറത്ത് കാത്തിരിന്ന സംഘം തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയും കാര്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു.
പിന്നാലെ 50000 രൂപ തന്നില്ലെങ്കിൽ യുവതിയെ ആക്രമിച്ചു എന്നാരോപിച്ച് കള്ളക്കേസ് നൽകുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും ആശിഷ് പരാതിയിൽ ആരോപിക്കുന്നു.
ALSO READ: ആരാണ് സപ്‌ന ഗില്‍; പൃഥ്വി ഷായെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതിയെക്കുറിച്ച് അറിയാം