സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര നേട്ടം ലക്ഷ്യം വെയ്‌ക്കുന്ന ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. ആദ്യ ടെസ്‌റ്റിന്‍റെ മൂന്നാം ദിനം ബൗളിങ്ങിനിടെ പരിക്കേറ്റ സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ തിരിച്ച് കയറി.
താരത്തിന്‍റെ വലത് കണങ്കാലിനാണ് പരിക്കേറ്റിട്ടുള്ളതെന്ന് ബിസിസിഐ അറിയിച്ചു. നിലവില്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് താരമുള്ളത്. ബൗളിങ്ങിനിടെ കാല്‍ക്കുഴ തെറ്റിയ താരം മുടന്തിയാണ് ഗ്രൗണ്ട് വിട്ടത്. ബുംറയ്‌ക്ക് പകരം ശ്രേയസ് അയ്യര്‍ പകരക്കാരനായി ഫീല്‍ഡ് ചെയ്യാനിറങ്ങി.
മത്സരത്തില്‍ തന്‍റെ ആറാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് താരം പരിക്കേറ്റ് മടങ്ങിയത്. ഇതിനിടെ 12 റണ്‍സ് മാത്രം വഴങ്ങിയ താരം ഒരു വിക്കറ്റും വീഴ്‌ത്തിയിരുന്നു. അതേസമയം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 327ന് പുറത്തായിരുന്നു.
രണ്ടാം ദിനം മഴയെടുത്ത മത്സരത്തിന്‍റെ മൂന്നാം ദിനം മൂന്നിന് 272 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 55 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്. ലുംഗി എന്‍ഗിഡിയുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. 24 ഓവറില്‍ 71 റണ്‍സ് വഴങ്ങിയാണ് താരം അറ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്.