വെല്ലിംഗ്‌ടണ്‍: ഡ്രസിങ് റൂമില്‍ സഹതാരങ്ങളില്‍ നിന്നും ഒഫീഷ്യല്‍സില്‍ നിന്നും കടുത്ത വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന തുറന്നു പറച്ചിലുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ഇതിഹാസം റോസ് ടെയ്‌ലർ. ന്യൂസിലൻഡിൽ ക്രിക്കറ്റ് എന്നത് വെള്ളക്കാരുടെ കായിക ഇനമാണെന്നും കരിയറിലുടനീളം താൻ വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായിട്ടുണ്ടെന്നുമായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തൽ.
'റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്' എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥയിലാണ് താരത്തിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. എന്‍റെ കരിയറിന്‍റെ ഭൂരിഭാഗവും ഞാൻ അസാധാരണത്വം നിറഞ്ഞൊരു മനുഷ്യനായിരുന്നു. വാനില ലൈൻ അപ്പിലെ തവിട്ട് മുഖമായിരുന്നു ഞാൻ. അതിന് അതിന്റേതായ വെല്ലുവിളികളുണ്ട്. അവയിൽ പലതും ടീമംഗങ്ങൾക്കോ ക്രിക്കറ്റ് സമൂഹത്തിനോ പ്രകടമാകുമായിരുന്നില്ല. ടെയ്‌ലർ കുറിച്ചു.
ഡ്രസിങ് റൂമിൽ നിന്ന് പലതരത്തിലുള്ള അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്. 'നീ പകുതി നല്ലൊരു മനുഷ്യനാണ് റോസ്, എന്നാൽ ഏത് പകുതിയാണ് നല്ലത്? ഞാൻ എന്താണ് പരാമർശിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല' എന്ന് ഒരു സഹതാരം എന്നോട് ചോദിക്കുമായിരുന്നു. എന്നാൽ അവർ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലാകുമായിരുന്നു. ടെയ്‌ലർ പറഞ്ഞു.
അത് വെറുമൊരു കളിയാക്കൽ മാത്രമല്ലേ എന്നാകും ഇതുകേൾക്കുന്ന ഒരു വെള്ളക്കാരനായ ന്യൂസിലൻഡുകാരൻ പറയുക. മാത്രമല്ല അവർ വംശീയാധിക്ഷേപം നടത്തുന്നവരെ തിരുത്താനും ശ്രമിക്കുന്നില്ല. എനിക്ക് മാത്രമല്ല മറ്റ് കളിക്കാർക്കും അവരുടെ വംശീയതയെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. റോസ് ടെയ്‌ലർ ആത്മകഥയിൽ പറഞ്ഞു.
ന്യൂസിലന്‍ഡിലെ തദ്ദേശീയരായ പോളിനേഷ്യൻ ജനവിഭാഗമാണ് മാവോറി. റോസ് ടെയ്‌ലര്‍ പാതി സമോവൻ വംശജനാണ്. ടെയ്‌ലറുടെ അമ്മ സമോവ ഗ്രാമമായ സവോലുവാഫയിൽ നിന്നുള്ളയാളാണ്. റോസ് ടെയ്‌ലറുടെ അച്ഛന്‍ ന്യൂസിലന്‍ഡുകാരനും.
16 വര്‍ഷത്തോളം നീണ്ട രാജ്യാന്തര കരിയറിന് പിന്നാലെ 2021 ഡിസംബറിലാണ് ടെയ്‌ലര്‍ തന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ടെയ്‌ലർ ടെസ്റ്റില്‍ 7864 റണ്‍സും ഏകദിനത്തില്‍ 8602 റണ്‍സും രാജ്യാന്തര ടി20യില്‍ 1909 റണ്‍സും നേടിയാണ് കിവീസ് കുപ്പായത്തിൽ നിന്ന് വിരമിച്ചത്.