ഇന്‍ഡോര്‍ : ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 386 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 385 റണ്‍സെടുത്തു. സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. അര്‍ധ സെഞ്ചുറിയുമായി ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങി.
ഗംഭീര തുടക്കമാണ് ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ രോഹിത്തും ഗില്ലും നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇരുവരും ചേര്‍ന്ന് 13ാം ഓവറില്‍ ഇന്ത്യ 100 കടത്തി. ഗില്ലായിരുന്നു കൂടുതല്‍ ആക്രമണകാരി.
12ാം ഓവറില്‍ താരം അര്‍ധ സെഞ്ചുറി പിന്നിട്ടിരുന്നു. തുടര്‍ന്ന് 14ാം ഓവറില്‍ രോഹിത്തും അര്‍ധ സെഞ്ചുറി കടന്നു. ഇതിന് പിന്നാലെ ടോപ് ഗിയറിലായ ഇരുവരും അനായാസം റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ടീം സ്‌കോര്‍ 18ാം ഓവറില്‍ 150ഉം 25ാം ഓവര്‍ പിന്നിടും മുമ്പ് 200 കടന്നു.
27ാം ഓവറിലെ ആദ്യ പന്തില്‍ രോഹിത്തിനെ പുറത്താക്കി മൈക്കൽ ബ്രേസ്‌വെല്ലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 85 പന്തില്‍ ഒമ്പത് ഫോറും ആറ് സിക്‌സും സഹിതം 101 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. രോഹിത്തിന്‍റെ കരിയറിലെ 30ാം ഏകദിന സെഞ്ചുറിയാണ്.
ഒന്നാം വിക്കറ്റില്‍ ഗില്ലിനൊപ്പം 212 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉയര്‍ത്തിയത്. തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ ഗില്ലും തിരിച്ചുകയറി. ബ്ലെയർ ടിക്‌നറെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ കോണ്‍വേയാണ് താരത്തെ പിടികൂടിയത്. 78 പന്തില്‍ 13 ഫോറും അഞ്ച് സിക്‌സും സഹിതം 112 റണ്‍സെടുത്തായിരുന്നു ഗില്ലിന്‍റെ മടക്കം.
തുടര്‍ന്നെത്തിയ താരങ്ങളില്‍ അര്‍ധ സെഞ്ചുറിയുമായി ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായക സംഭാവന നല്‍കി. വിരാട് കോലി (36), ഇഷാന്‍ കിഷന്‍ (17), സൂര്യകുമാര്‍ യാദവ് (14), വാഷിങ്‌ടണ്‍ സുന്ദര്‍ (9), ശാര്‍ദുല്‍ താക്കൂര്‍ (25), കുല്‍ദീപ് യാദവ് (3) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഉമ്രാന്‍ മാലിക് (2) പുറത്താവാതെ നിന്നു. കിവീസിനായി ജേക്കബ് ഡഫിയും ബ്ലെയർ ടിക്‌നറും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ കിവീസ് നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായപ്പോള്‍ ഉമ്രാന്‍ മാലിക്കും യുസ്‌വേന്ദ്ര ചാഹലും ടീമിലിടം കണ്ടെത്തി.
ALSO READ: IND vs NZ: കോലിയെ പിന്നിട്ടു; ഈ റെക്കോഡില്‍ ഗില്‍ ഇനി ബാബറിനൊപ്പം
കിവീസ് നിരയില്‍ ഹെൻറി ഷിപ്ലിക്ക് പകരം ജേക്കബ് ഡഫിയാണ് ടീമിലെത്തിയത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്‍ഡോറിലും ജയിച്ച് പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ഇന്ത്യ (പ്ലേയിങ് ഇലവൻ) : രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ (ഡബ്ല്യു), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഉമ്രാൻ മാലിക്.
ന്യൂസിലൻഡ് (പ്ലേയിങ് ഇലവൻ): ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം (സി), ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്‌നർ, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി, ബ്ലെയർ ടിക്‌നർ.