മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് കാറപകടത്തില്‍ പെട്ട നടുക്കത്തിലാണ് ക്രിക്കറ്റ് ലോകം. വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. അപകടനില തരണം ചെയ്ത 25കാരന്‍ നിലവില്‍ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ പരിക്കേറ്റ പന്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വിഷയത്തില്‍ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്ദെ. അപകടത്തില്‍പ്പെട്ട ഒരാളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെക്കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് റിതിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
ഇത്തരം ചിത്രങ്ങള്‍ അവരുടെ കുടുംബത്തേയും സുഹൃത്തുക്കളേയും എത്രത്തോളം ബാധിക്കുമെന്ന് ഓര്‍ക്കണമെന്നും റിതിക കൂട്ടിച്ചേര്‍ത്തു. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പന്ത് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ റൂർക്കിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് കാർ ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. കാറിന്‍റെ ചില്ല് തകര്‍ത്താണ് പന്തിനെ പുറത്തെത്തിച്ചത്. അതേസമയം പന്തിന്‍റെ പരിക്ക് സംബന്ധിച്ച വിവരങ്ങള്‍ ബിസിസിഐ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.
പന്തിന്‍റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ട്. വലത് കാൽമുട്ടിലെ ലിഗമെന്‍റിനും പരിക്കേറ്റിട്ടുണ്ട്. കൂടാതെ വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരല്‍ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നുമാണ് ബിസിസിഐ അറിയിച്ചത്. പന്തിനെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.