രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ ജയം തുടര്‍ന്ന് കേരളം. എലൈറ്റ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഗുജറാത്തിനെ എട്ടുവിക്കറ്റിനാണ് കേരളം തകര്‍ത്തത്. ഗുജറാത്ത് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്‍റെ തകര്‍പ്പന്‍ പ്രടനമാണ് തുണയായത്.
ഏകദിന ശൈലിയില്‍ കളിച്ച താരം 87 പന്തില്‍ 106 റണ്‍സടിച്ച് പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും രോഹന് മികച്ച പിന്തുണയേകി. 76 പന്തുകളില്‍ 62 റണ്‍സെടുത്താണ് താരം പുറത്തായത്.
സ്‌കോര്‍: ഗുജറാത്ത് 388, 264. കേരളം 439, 214-2.
രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളത്തിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 27ല്‍ നില്‍ക്കേ ഏഴ് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ പി രാഹുലിനെ കേരളത്തിന് നഷ്ടമായിരുന്നു. തുടര്‍ന്ന് ഒന്നിച്ച രോഹനും സച്ചിനും ചേര്‍ന്നാണ് കേരളത്തെ വിജയ തീരത്തെത്തിച്ചത്. രണ്ടാം വിക്കറ്റില്‍ വെറും 135 പന്തില്‍ 143 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സഖ്യം നേടിയത്. സച്ചിന് പിന്നാലെ ക്രീസിലെത്തിയ സല്‍മാന്‍ നിസാറും (28*) മിന്നിയതോടെ 35.4 ഓവറില്‍ കേരളം വിജയം പിടിച്ചു.
ഒന്നാം ഇന്നിങ്‌സില്‍ നിര്‍ണായകമായ 51 റണ്‍സ് ലീഡ് കേരളം സ്വന്തമാക്കിയിരുന്നു. കരണ്‍ പട്ടേല്‍ (81), ഉമങ് കുമാര്‍ (70) എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ ഗുജാറത്തിന് തുണയായത്. കേരളത്തിനായി ജലജ് സക്‌സേന നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിജോമോന്‍ മൂന്ന് വിക്കറ്റെടുത്തു. ബേസില്‍ തമ്പി രണ്ടും, നിധീഷ് ഒരു വിക്കറ്റും സ്വന്തമാക്കി.
വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താനും കേരളത്തിനായി. ആദ്യ മത്സരത്തില്‍ മേഘാലയയെ തോല്‍പ്പിച്ച സംഘത്തിന് രണ്ട് മത്സരങ്ങളില്‍ നിന്ന് 13 പോയിന്‍റുണ്ട്.