മുംബൈ : വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യയെ ഒമ്പത് വിക്കറ്റിന്‍റെ അനായാസ വിജയത്തിലേക്ക് നയിച്ചത് യുവ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ്. ഫോമിലേക്ക് മടങ്ങിയെത്തിയ ശുഭ്‌മാന്‍ ഗില്ലും അരങ്ങേറ്റ മത്സരത്തിലെ ക്ഷീണം തീര്‍ത്ത യശസ്വി ജയ്‌സ്വാളും നിറഞ്ഞാടിയതോടെ വിന്‍ഡീസ് ബോളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. പരസ്‌പര ധാരണയോടെ കളിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 165 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.
47 പന്തില്‍ 77 റണ്‍സുമായി ശുഭ്‌മാന്‍ ഗില്‍ മടങ്ങിപ്പോള്‍ 51 പന്തില്‍ 84 റണ്‍സ് നേടി യശസ്വി ജയ്‌സ്വാള്‍ പുറത്താവാതെ നിന്നിരുന്നു. വിന്‍ഡീസിനെതിരായ ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇരു താരങ്ങളേയും വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ റോബിന്‍ ഉത്തപ്പ. മികച്ച ധാരണയോടെ കളിക്കുന്ന ഇരുവര്‍ക്കും സച്ചിന്‍ ടെണ്ടുല്‍ക്കറേയും സൗരവ് ഗാംഗുലിയേയും പോലെ എക്കാലത്തെയും ഇതിഹാസ ഓപ്പണിങ് കൂട്ടുകെട്ടായി മാറാൻ കഴിയുമെന്നാണ് റോബിൻ ഉത്തപ്പ പറയുന്നത്.
അതിനായുള്ള പ്രതിഭ ഇരു താരങ്ങള്‍ക്കുമുണ്ടെന്നും ഉത്തപ്പ വ്യക്തമാക്കി. "ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന എല്ലാവരും തുല്യ പ്രതിഭയും കഴിവുമുള്ളവരാണെന്ന് നമുക്ക് അറിയാം. പക്ഷേ ജയ്‌സ്വാളിന്‍റേയും ഗില്ലിന്‍റെയും കാര്യം അല്‍പം വ്യത്യസ്തമാണ്. മികച്ച ധാരണയോടെ അസാമാന്യമായാണ് ഇരുവരും കളിക്കുന്നത്.
ഇത് തുടരുകയാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോഡിയായി ഇരുവരും വളരും. ഓപ്പണിങ്ങില്‍ സച്ചിന്‍-ഗാംഗുലി കൂട്ടുകെട്ടിനെപ്പോലെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു സഖ്യമായി അവര്‍ ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല" - റോബിന്‍ ഉത്തപ്പ പറഞ്ഞു. അല്‍പം കാര്യങ്ങളില്‍ക്കൂടി ധാരണയിലെത്തിയാല്‍ ഇന്ത്യയ്‌ക്കായി അത്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
ALSO READ: WI vs IND | പറവയെ പോലെ പറന്നുയര്‍ന്ന് സഞ്‌ജു ; മെയേഴ്‌സിനെ പുറത്താക്കിയ തകര്‍പ്പന്‍ ക്യാച്ച് കാണാം
ലോക റെക്കോഡിട്ട സച്ചിന്‍ -ഗാംഗുലി കൂട്ടുകെട്ട് : അന്താരാഷ്‌ട്ര എകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഓപ്പണിങ് സഖ്യമെന്ന സച്ചിന്‍റേയും ഗാംഗുലിയുടേയും റെക്കോഡ് തകര്‍ക്കാന്‍ ഇതുവരേയും ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒന്നിച്ചിറങ്ങിയ 176 ഇന്നിങ്‌സുകളില്‍ ഇരുവരും ചേര്‍ന്ന് 8227 റണ്‍സടിച്ചപ്പോള്‍ ഇതില്‍ 6609 റണ്‍സും നേടിയത് ഓപ്പണിങ് സഖ്യമെന്ന നിലയിലായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 136 ഇന്നിങ്‌സുകളില്‍ നിന്ന് 49.32 എന്ന മികച്ച ബാറ്റിങ് ശരാശരിയാണ് ഇരുവര്‍ക്കുമുള്ളത്. 21 സെഞ്ചുറികള്‍ ഉള്‍പ്പടെയായിരുന്നു ഇതിഹാസ താരങ്ങളുടെ പ്രകടനം.
അതേസമയം വിജയിച്ചതോടെ അഞ്ച് മത്സര പരമ്പരയില്‍ 2-2ന് വിന്‍ഡീസിന് ഒപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ആദ്യ രണ്ട് ടി20 കളും ആതിഥേയരായ വിന്‍ഡീസ് വിജയിച്ചപ്പോള്‍ തുടര്‍ന്ന് കളിച്ച രണ്ട് മത്സരങ്ങളും പിടിച്ചാണ് ഇന്ത്യ ഒപ്പമെത്തിയത്. ഇതോടെ പരമ്പരയിലെ അവസാന മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര തൂക്കാം. ഫ്ലോറിഡയില്‍ ഇന്ന് രാത്രി എട്ട് മുതലാണ് അഞ്ചാം ടി20 നടക്കുന്നത്.