ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ഫിറ്റ്‌നസ് പുരോഗതി കഴിഞ്ഞ ദിവസം ബിസിസിഐ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ കാര്‍ അപടത്തില്‍ ഗുരുതര പരിക്കേറ്റ റിഷഭ് പന്ത് (Rishabh Pant) നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ഇവിടെ പന്ത് ലളിതമായ വര്‍ക്കൗട്ടുകളും ബാറ്റിങ് പരിശീലനവും പന്ത് ആരംഭിച്ചുവെന്നാണ് നേരത്തെ ബിസിസിഐ അറിയിച്ചിരുന്നത്.
ഇതോടെ ഈ വര്‍ഷം അവസാനത്തില്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിക്കാന്‍ റിഷഭ് പന്ത് ഉണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, ടൂര്‍ണമെന്‍റില്‍ 25കാരനായ പന്ത് ഉണ്ടാവില്ലെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. അടുത്ത വര്‍ഷമാവും റിഷഭ് പന്ത് വീണ്ടും ഇന്ത്യയ്‌ക്കായി കളിക്കാന്‍ എത്തുക എന്നാണ് ബിസിസിഐയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ സൂചന.
2024 ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെയാവും താരം മടങ്ങിയെത്തുക എന്നാണ് ബോര്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. 2022 ഡിസംബറിലാണ് റിഷഭ് പന്ത് ഇന്ത്യയ്‌ക്കായി അവസാന മത്സരം കളിച്ചത്. ഇതിന് ശേഷം ഡിസംബർ 30ന് പുലര്‍ച്ചെ ഡൽഹി - ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് പന്തിന്‍റെ ആഡംബര കാർ അപകടത്തില്‍പ്പെടുന്നത്.
അമ്മയ്‌ക്ക് ന്യൂയര്‍ സര്‍പ്രൈസ് നല്‍കാനുള്ള യാത്രയ്‌ക്കിടെ പന്ത് ഓടിച്ചിരുന്ന ആഡംബര കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി തീ പിടിക്കുകയായിരുന്നു. വളരെ അത്ഭുതകരമായി ആയിരുന്നു പന്ത് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ആദ്യം ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്ക്കായി മുംബൈയിലെ കോകില ബെന്‍ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.
പരിക്കേറ്റ വലത് കാല്‍മുട്ടിലെ ലിഗ്‌മെന്‍റിനുള്ള ശസ്‌ത്രക്രിയ ഇവിടെ വച്ച് രണ്ട് ഘട്ടമായാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികിത്സകള്‍ക്ക് വിധേയനായതിന് ശേഷമാണ് താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തുന്നത്. ലോകകപ്പിന് പന്തില്ലെന്ന് ഏകദേശം വ്യക്തത വന്നതോടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ മലയാളി താരം സഞ്‌ജു സാംസണും സാധ്യത തെളിയുകയാണ്.
അതേസമയം ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക. ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളാണ് ലോകകപ്പിന് അതിഥേയത്വം വഹിക്കുക.
അതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 10 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ പോരടിക്കുന്നത്. ഇന്ത്യയ്‌ക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത നേടിയപ്പോള്‍ ശ്രീലങ്കയും നെതര്‍ലാന്‍ഡ്‌സും യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് ടൂര്‍ണമെന്‍റിനെത്തുന്നത്. സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിലൂടെ 10 വര്‍ഷങ്ങള്‍ നീണ്ട കിരീട വരള്‍ച്ച ഇന്ത്യയ്‌ക്ക് അവസാനിപ്പിക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ALSO READ: ഫുൾ ചാർജിലായതെങ്ങനെ, കോലി പറയുന്നു; 'ഇപ്പോൾ ഹാപ്പി...'