മുംബൈ : ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ നായകന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്. ലഭിക്കുന്ന അവസരങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താൻ പന്തിന് സാധിക്കുന്നില്ല. പന്തിന്‍റെ പ്രകടനത്തിൽ അങ്ങേയറ്റം നിരാശയാണുള്ളതെന്നും ശ്രീകാന്ത് പറഞ്ഞു.
പന്തിന് അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നും ഇടവേള നല്‍കി നിലമെച്ചപ്പെടുത്താന്‍ അവസരം നല്‍കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. "മാനേജ്മെന്‍റ് ശരിയായ വിധത്തിലല്ല പന്തിനെ കൈകാര്യം ചെയ്യുന്നത്. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും ഇടവേള നല്‍കി ഒരല്‍പം കാത്തിരിക്കാന്‍ പന്തിനോട് പറയണം.
ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച് അവന്‍ ഫോം തെളിയിക്കട്ടെ. ഇടവേള നല്‍കുന്നതിനോ, മാറ്റുന്നതിനോ ഒന്നോ രണ്ട് മത്സരങ്ങളില്‍ കൂടെ കാത്തിരിക്കാം എന്നാണോ നിങ്ങള്‍ കരുതുന്നത് ?''- ശ്രീകാന്ത് ചോദിച്ചു.
"കിട്ടുന്ന ഒരവസരവും റിഷഭ് പന്ത് വിനിയോഗിക്കുന്നില്ല. ഇതില്‍ എനിക്ക് കടുത്ത നിരാശയുണ്ട്. എന്താണ് പന്തേയിത്? അവസരങ്ങള്‍ ഇത്തരത്തില്‍ കളഞ്ഞുകുളിക്കുന്നത് ശരിയാണോ?. ലോകകപ്പ് വരാനിരിക്കുന്നു.
പന്ത് സ്‌കോർ ചെയ്യുന്നില്ലെന്ന് ഇതിനകം തന്നെ ആളുകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അവസരങ്ങള്‍ ഇത്തരത്തില്‍ നശിപ്പിക്കുന്നത് സ്വയം സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതാണ്. പന്ത് സ്വയം നവീകരിക്കാനുള്ള ശ്രമം നടത്തണം. നിരന്തരം വിക്കറ്റ് വലിച്ചെറിയുന്നത് പന്ത് അവസാനിപ്പിക്കണം" - ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
സഞ്‌ജു സാംസണ്‍ അടക്കമുള്ള താരങ്ങളെ പുറത്തിരുത്തി മോശം ഫോമിലുള്ള പന്തിന് നിരന്തരം അവസരം നല്‍കുന്നതില്‍ വിമര്‍ശനം ശക്തമാണ്. ആരാധകരടക്കം നിരവധി പേര്‍ മാനേജ്‌മെന്‍റിനെയും ബിസിസിഐയേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ടെസ്റ്റില്‍ കഴിവുതെളിയിച്ച താരം നിലവില്‍ പരിമിത ഓവർ ക്രിക്കറ്റിൽ നിരന്തരം പരാജയപ്പെടുകയാണ്.
Also read: സെഞ്ച്വറി കഴിഞ്ഞപ്പോൾ ഒരോവറില്‍ ഏഴ് സിക്‌സ്; റിതുരാജിന്‍റെ വിളയാട്ടം കാണാം- വീഡിയോ
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ വിന്‍ഡീസിനെതിരെയാണ് താരം തന്‍റെ അവസാന അര്‍ധ സെഞ്ച്വറി നേടിയത്. തുടര്‍ന്ന് 21 ഇന്നിങ്‌സുകളില്‍ നിന്നും രണ്ട് തവണമാത്രമാണ് 30 റണ്‍സ് എന്ന മാര്‍ക്ക് താണ്ടാന്‍ റിഷഭ് പന്തിന് കഴിഞ്ഞത്.