ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പല സംഘങ്ങളായിട്ടായിരുന്നു ടീം കലാശപ്പോരില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലേക്കെത്തിയത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തില്‍ വിരാട് കോലി, ഉമേഷ് യാദവ്, ശര്‍ദൂല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് ആദ്യം ഇന്ത്യയില്‍ നിന്നും യുകെയിലേക്കെത്തിയത്.
പിന്നാലെയാണ് നായകന്‍ രോഹിത് ശര്‍മ്മ, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നത്. ഐപിഎല്‍ ഫൈനല്‍ മത്സരം പൂര്‍ത്തിയായതോടെ ശുഭ്‌മാന്‍ ഗില്‍, രവീന്ദ്ര ജഡേജ ഉള്‍പ്പടെയുള്ള താരങ്ങള്‍ കഴിഞ്ഞ ദിവസത്തോടെ ടീമിനൊപ്പം ചേരുകയും ചെയ്‌തു.
ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ലീഗായ ടി20 ബ്ലാസ്റ്റ് നടക്കുന്ന സമയമായതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ഇന്ത്യക്ക് പരിശീലന മത്സരം കളിക്കാന്‍ സാധിക്കില്ല. ഈ അവസരത്തില്‍ ഇന്‍ട്രാ സ്ക്വാഡ് മത്സരമായിരിക്കും ടീം കളിക്കുക. ഒരുക്കങ്ങളെല്ലാം ഇങ്ങനെ തകൃതിയായി നടക്കുന്നതിനിടെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരായ ചേതേശ്വര്‍ പുജാരയും വിരാട് കോലിയുമാകും ഓസ്‌ട്രേലിയന്‍ ടീമിന് വെല്ലുവിളിയുയര്‍ത്തുകയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കോലിയും പുജാരയുമാകും ഇന്ത്യന്‍ ടീമിന്‍റെ പ്രധാന താരങ്ങള്‍. ഇരുവരെയും അതിവേഗം പുറത്താക്കാനായിരിക്കും ഓസ്‌ട്രേലിയ ശ്രമിക്കുന്നതെന്നും പോണ്ടിങ് പറഞ്ഞു. ഐസിസി റിവ്യൂ പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ ഓസീസ് നായകന്‍റെ പ്രതികരണം.
'ഓസ്‌ട്രേലിയന്‍ ടീം വിരാട് കോലിയെ കുറിച്ച് സംസാരിക്കുമെന്നതില്‍ സംശയമില്ല. അവര്‍ ചേതേശ്വര്‍ പുജാരയെ കുറിച്ചും ചര്‍ച്ച ചെയ്യും. അവര്‍ രണ്ടാളുമാകും ഇന്ത്യന്‍ നിരയില്‍ പ്രധാനികള്‍.
പുജാര നേരത്തെയും ഓസ്‌ട്രേലിയന്‍ ടീമിന് വലിയ വെല്ലുവിളിയായിട്ടുണ്ട്. ഓവലിലെ പിച്ച് ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങള്‍ക്ക് സമാനമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് കൃത്യമായും അറിയാം പുജാരയെ നിലയുറപ്പിക്കും മുന്‍പ് തന്നെ പുറത്താക്കണമെന്ന്' പോണ്ടിങ് അഭിപ്രായപ്പെട്ടു.
താന്‍ ഫോമിലേക്ക് ഏകദേശം മടങ്ങിയെത്തിയെന്ന കാര്യം വിരാട് കോലി തന്നോട് ഐപിഎല്ലിനിടെ പറഞ്ഞിരുന്നുവെന്നും റിക്കി പോണ്ടിങ് വെളിപ്പെടുത്തി. 'ടി20 ക്രിക്കറ്റില്‍ ആണെങ്കിലും വിരാട് കോലി തന്‍റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തി എന്ന കാര്യം അവര്‍ക്കും അറിയാം. പഴയ ഫോമിലേക്ക് മടങ്ങിയെത്തിയെന്ന തോന്നലാണ് തനിക്ക് ഇപ്പോഴുള്ളതെന്ന് വിരാട് കോലി എന്നോട് പറഞ്ഞിരുന്നു. ഇത് ഫൈനലിന് മുന്‍പ് ഓസ്‌ട്രേലിയക്കുള്ള വലിയൊരു മുന്നറിയിപ്പായാണ് എനിക്ക് തോനുന്നത്' പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോഡുള്ള താരങ്ങളാണ് ചേതേശ്വര്‍ പുജാരയും വിരാട് കോലിയും. തന്‍റെ ടെസ്റ്റ് കരിയറില്‍ കങ്കാരുപ്പടയ്‌ക്കെതിരെയാണ് പുജാര കൂടുതല്‍ റണ്‍സും സെഞ്ച്വറികളും നേടിയത്. 35 കാരനായ താരം 24 മത്സരങ്ങളില്‍ നിന്നും 2033 റണ്‍സും അഞ്ച് സെഞ്ച്വറികളുമാണ് അവര്‍ക്കെതിരെ നേടിയിട്ടുള്ളത്.
24 മത്സരങ്ങളില്‍ നിന്നും 1979 റണ്‍സാണ് വിരാട് കോലി ഓസ്‌ട്രേലിയക്കെതിരെ നേടിയത്. ഐപിഎല്ലിന് മുന്‍പ് അവസാനിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും വിരാടിന് ഓസീസിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു.
Also Read : WTC | കങ്കാരുവിനെ കണ്ടാല്‍ ഇന്ത്യ 'ടോപ് ഗിയറിലേക്കെത്തും': അക്‌സര്‍ പട്ടേലിന് കനത്ത ആത്മവിശ്വാസം