ന്യൂഡല്‍ഹി: ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായി മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്‌മണെ നിയമിക്കാൻ സാധ്യത. ദേശീയ ടീമിന്‍റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് ചുമതലയേറ്റതോടെ വന്ന ഒഴിവിലേക്കാണ് ലക്ഷ്‌മണെ പരിഗണിക്കുന്നത്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ക്ക് ലക്ഷ്‌മൺ സ്ഥാനം ഏറ്റെടുക്കുന്നതില്‍ താത്പര്യമുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
“സൗരവ് ഗാംഗുലിയും ജയ് ഷായും ലക്ഷ്‌മണെ എൻസിഎയുടെ ചുമതലയേല്‍പ്പിക്കാന്‍ താത്പര്യപ്പെടുന്നു. പക്ഷേ, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ലക്ഷ്‌മണാണ്. ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡുമായി പ്രത്യേക ബന്ധമുള്ള അദ്ദേഹമാണ് ഈ സ്ഥാനത്തേക്ക് മുൻപന്തിയിൽ നിൽക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാൻ ഇരുവരും ചേർന്ന് പ്രവർത്തിച്ചാൽ വളരെ നന്നാവും. മുന്‍ താരങ്ങള്‍ ബോര്‍ഡിലേക്ക് വരുന്നത് അടുത്ത തലമുറയില്‍ കൂടുതല്‍ മികച്ച താരങ്ങളെ വാര്‍ത്തെടുക്കാന്‍ സഹായിക്കും” ബിസിസിഐയിലെ പ്രധാന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
also read: സെമി കാണാതെ ഇന്ത്യയുടെ മടക്കം, ടി20 ലോകകപ്പ് സെമി ലൈനപ്പായി
നവംബര്‍ 17ന് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഹോം സീരീസ് മുതലാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകനാവുക. കാലാവധി അവസാനിച്ച രവിശാസ്‌ത്രിക്ക് പകരമാണ് ഇന്ത്യന്‍ ടീമിന്‍റെ ചുമതല ദ്രാവിഡ് ഏറ്റെടുത്തെത്.