മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ രഞ്ജി ട്രോഫിയിൽ കളിക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പിനായാണ് 34കാരന്‍ രഞ്ജിക്കിറങ്ങുന്നത്. സൗരാഷ്‌ട്രയ്‌ക്കായി തമിഴ്‌നാടിനെതിരായ മത്സരത്തില്‍ ജഡേജ കളിക്കുമെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ജനുവരി 24ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് ഈ മത്സരം ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ ഏഷ്യ കപ്പിനിടെ പരിക്കേറ്റ് പുറത്തായതിന് ശേഷം ജഡേജ ഇതേവരെ കളത്തിലിറങ്ങിയിട്ടില്ല. താരത്തിന്‍റെ വലതു കാൽമുട്ടിനാണ് പരിക്കേറ്റിരുന്നത്.
ഇതേത്തുടര്‍ന്ന് സെപ്‌റ്റംബറില്‍ ശസ്‌ത്രക്രിയയ്‌ക്കും ജഡേജ വിധേയനായിരുന്നു. നിലവില്‍ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് താരം. അതേസമയം കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ജഡേജയെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ രവി ജഡേജയെ അന്തിമ ഇലവനിലേക്ക് പരിണിക്കുകയുള്ളൂ.
ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര നടക്കുക. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെ നാഗ്‌പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുക. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലും പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കും. പരമ്പരയ്‌ക്കുള്ള ടീമിനെ നേരത്തെ തന്നെ ഓസ്‌ട്രേലിയയും പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റൻ), ശുഭ്‌മാൻ ഗില്‍, ചേതേശ്വർ പുജാര, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, അക്‌സർ പട്ടേല്‍, കുല്‍ദീപ് യാദവ്, രവി ജഡേജ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, സൂര്യകുമാർ യാദവ്.
ഓസ്‌ട്രേലിയ സ്ക്വാഡ്: പാറ്റ് കമ്മിൻസ് (സി), ആഷ്‌ടൺ അഗർ, സ്കോട്ട് ബോലാൻഡ്, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാൻ ഖവാജ, മർനസ് ലബുഷെയ്‌ന്‍, നഥാൻ ലിയോൺ, ലാൻസ് മോറിസ്, ടോഡ് മർഫി, മാത്യു റെൻഷോ, സ്റ്റീവ് സ്‌മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്‌സൺ, ഡേവിഡ് വാർണർ.
ALSO READ: 'സര്‍ഫറാസ് ഖാന്‍ ഒരു ഇരയാണ്; ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയും അയാള്‍ എന്താണ് ചെയ്യേണ്ടത്'