മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിയുമായി ബിസിസിഐ. ഏകദിന ടീമില്‍ നിന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പുറത്ത്. പകരക്കാരാനായി ഷഹ്‌ബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തി.
കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും താരം പൂര്‍ണമായി മുക്തി നേടാത്തതിനെ തുടര്‍ന്നാണ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ജഡേജ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തില്‍ തുടരും. അതേസമയം നട്ടെല്ലിന് താഴെ പരിക്കേറ്റ പേസര്‍ യഷ് ദയാലിനും പരമ്പര നഷ്‌ടമാകും.
ദയാലിന് പകരക്കാരനായി കുല്‍ദിപ് സെന്നിനെയും ടീമില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്. ഷഹബാസ് അഹമ്മദും കുല്‍ദീപ് സെന്നും നിലവില്‍ ന്യൂസിലന്‍ഡിലാണുള്ളത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ഇരുവരെയും കിവീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കി. ഡിസംബര്‍ നാല് മുതലാണ് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര.
ബംഗ്ലാദേശില്‍ കളിക്കുന്ന ഇന്ത്യന്‍ എ ടീമിനെയും കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. അഭിമന്യു ഈശ്വരന്‍ നായകനായ ടീമില്‍ മലയാളി താരം രോഹന്‍ കുന്നുമ്മലും ഇടം നേടി. രണ്ട് ചതുര്‍ദിന മത്സരങ്ങളാണ് ബംഗ്ലാദേശില്‍ ഇന്ത്യന്‍ എ ടീം കളിക്കുക.
ബംഗ്ലാദേശ് പര്യടനം, ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), കെ എൽ രാഹുൽ, ശിഖർ ധവാൻ, വിരാട് കോലി, രജത് പടിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഷഹബാസ് അഹമ്മദ്, അക്‌സർ പട്ടേൽ, വാഷിംഗ്‌ടൺ സുന്ദർ, ശർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ദീപക് ചാഹർ, കുൽദീപ് സെൻ