നാഗ്പൂര്‍ : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയുടെ ആവേശം വാനോളമാണ്. റാങ്കിങ്ങില്‍ തലപ്പത്തുള്ള ഇരു ടീമുകളും നേര്‍ക്കുനേരെത്തുന്ന പരമ്പര വ്യാഴാഴ്‌ച നാഗ്‌പൂരിലാണ് ആരംഭിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ സ്‌പിന്നര്‍മാരാവും കളിയുടെ ഫലം നിശ്ചയിക്കുകയെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയെ സംബന്ധിച്ച് വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍റെ പ്രകടനം നിര്‍ണായകമാവുമെന്നാണ് മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്‌ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. ബോളുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ കഴിയുന്ന അശ്വിന്‍ ഒരു പാക്കേജാണെന്നും ശാസ്‌ത്രി പറഞ്ഞു.
"കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ തന്‍റെ കഴിവുകളില്‍ ഉറച്ച് നില്‍ക്കണമെന്നാണ് എനിക്ക് അശ്വിനോട് പറയാനുള്ളത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ വളരെ നിര്‍ണായകമാണ് അവന്‍റെ പ്രകടനം. അശ്വിന്‍റെ ഫോമാണ് പരമ്പരയുടെ വിധി നിര്‍ണയിക്കുക.
കാരണം അശ്വിന്‍ ഒരു പാക്കേജാണ്. പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും നിര്‍ണായക പ്രകടനം നടത്താന്‍ അവന് കഴിയും. രണ്ട് ഡിപ്പാർട്ട്‌മെന്‍റുകളിലും അശ്വിന്‍ കത്തിക്കയറിയാല്‍ അത് പരമ്പരയുടെ ഫലത്തെ നിർണയിച്ചേക്കാം. മിക്ക സാഹചര്യങ്ങളിലും അവൻ ലോകോത്തര താരമാണ്.
ഇന്ത്യൻ സാഹചര്യങ്ങളിൽ കൂടുതല്‍ മാരകമായേക്കാം. പന്ത് കറങ്ങുകയാണെങ്കില്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ അവന്‍ മാത്രം മതിയാകും. പക്ഷേ അവൻ അമിതമായി ചിന്തിക്കുന്നതും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതും ഞാന്‍ ആഗ്രഹിക്കുന്നില്ല" - ശാസ്‌ത്രി പറഞ്ഞു.
കുല്‍ദീപ് കളിക്കണം : അക്‌സർ പട്ടേലിന് പകരം ടീമിലെ മൂന്നാം സ്പിന്നറായി കുൽദീപ് യാദവ് കളിക്കുന്നതാണ് താൻ ഇഷ്ടപ്പെടുന്നതെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. കുല്‍ദീപും രവീന്ദ്ര ജഡേജയും അക്സറും വളരെ സാമ്യമുള്ളവരാണ്. ടോസ് നഷ്‌ടപ്പെട്ട് ബോള്‍ ചെയ്യാനിറങ്ങേണ്ടി വന്നാല്‍ ഒന്നാം ദിനത്തിൽ തന്നെ ബോള്‍ സ്പിൻ ചെയ്യാൻ കഴിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അത് കുൽദീപ് ആയിരിക്കും.
പിച്ചില്‍ നിന്നും വലിയ പിന്തുണയില്ലെങ്കിലും അവന് നല്ല പ്രകടനം നടത്താന്‍ കഴിയും. കൂടാതെ, ഓസ്‌ട്രേലിയൻ പേസർമാരുടെ ബോളില്‍ പിച്ച് കൂടുതല്‍ പരുക്കനാവുമ്പോള്‍ അത് മുതലെടുക്കാനും കുല്‍ദീപിന് സാധിക്കുമെന്നും ശാസ്‌ത്രി വ്യക്തമാക്കി.
നാഗ്പൂര്‍ ടെസ്റ്റിന് ശേഷം ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍ നടക്കുക. 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പരയാണ് ഓസീസ് ലക്ഷ്യംവയ്‌ക്കുന്നത്. മറുവശത്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ് : രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.
ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ് : പാറ്റ് കമ്മിന്‍സ് (നായകന്‍), ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യു റെന്‍ഷോ, സ്റ്റീവ് സ്‌മിത്ത് (വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍. ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോലാന്‍ഡ്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്.