രാജ്‌കോട്ട് : രഞ്ജി ട്രോഫിയിൽ കേരളത്തിന്‍റെ നോക്കൗട്ട് മോഹങ്ങള്‍ അവസാനിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനായില്ല. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശ് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 589ന് ഡിക്ലയര്‍ ചെയ്‌തു. മറുപടി ബാറ്റിംഗില്‍ കേരളത്തിന് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 432 റണ്‍സെടുക്കാനാണ് കഴിഞ്ഞത്. പി. രാഹുല്‍ (136), സച്ചിന്‍ ബേബി (114) എന്നിവര്‍ കേരളത്തിനായി സെഞ്ച്വറി നേടി.
രണ്ടിന് 198 എന്ന നിലയിലാണ് കേരളം അവസാനദിനം ആരംഭിച്ചത്. കേരളം പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ആദ്യ ഇന്നിംഗ്‌സ് ലീഡ് വിദൂരമായി. 368 പന്തില്‍ നിന്നാണ് രാഹുല്‍ 136 റണ്‍സെടുത്തത്. സച്ചിന്‍ ബേബി 234 പന്തുകള്‍ നേരിട്ടു.
പിന്നീടെത്തിയവര്‍ക്ക് മികച്ച പ്രകടനം നടത്താനാവാത്തത് കേരളത്തിന് തിരിച്ചടിയായി. സല്‍മാന്‍ നിസാര്‍ (1), വിഷ്‌ണു വിനോദ് (8), ജലജ് സക്‌സേന (20), സിജോമോന്‍ ജോസഫ് (12), ബേസില്‍ തമ്പി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 11 റൺസോടെ നിതീഷ് എം ഡിയും റണ്ണെടുക്കാതെ ബേസില്‍ എന്‍ പിയും പുറത്താവാതെ നിന്നു.
മധ്യപ്രദേശിനായി ഈശ്വര്‍ ചന്ദ്ര പാണ്ഡെ, അനുഭവ് അഗര്‍വാള്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ യഷ് ദുബെ (289), രജത് പടിധാര്‍ (142) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മധ്യപ്രദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.