കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിങ്ങില്‍ അവിശ്വസനീയമായ പ്രകടം നടത്തിയാണ് ദീപക് ചഹാര്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം (28 പന്തില്‍ 19) 84 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ചഹാര്‍ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. 82 പന്തില്‍ 69 റണ്‍സെടുത്ത ചഹാര്‍ രണ്ട് ശ്രീലങ്കന്‍ താരങ്ങളുടെ വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ തന്‍റെ ബാറ്റിങ്ങില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പുലര്‍ത്തിയ വിശ്വാസമാണ് മികച്ച ഇന്നിങ്സ് കളിക്കാന്‍ മുതല്‍ക്കൂട്ടായതെന്നാണ് ദീപക് പറയുന്നത്. 'എല്ലാ പന്തുകളും കളിക്കാൻ രാഹുൽ സർ എന്നോട് പറഞ്ഞിരുന്നു. ഇന്ത്യ എയ്ക്ക് വേണ്ടി (ദ്രാവിഡ് പരിശീലകനായിരുന്നപ്പോൾ) കുറച്ച് ഇന്നിങ്സുകള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടെന്ന് ഞാൻ കരുതുന്നു. ഞാന്‍ ഏഴാം സ്ഥാനത്ത് കളിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു (മത്സരത്തില്‍ എട്ടാമനായാണ് ചഹാര്‍ എത്തിയത്).' ദീപക് ചഹാര്‍ പറഞ്ഞു.
അതേസമയം ലക്ഷ്യം 50 റണ്‍സില്‍ താഴെയെത്തിയപ്പോള്‍ വിജയിക്കാനാവുമെന്ന് ഉറച്ച് വിശ്വസിച്ചതായും വരുന്ന മത്സരങ്ങളിൽ ബാറ്റ് ചെയ്യേണ്ടി വരില്ലെന്ന് കരുതുന്നതായും താരം കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 275 റണ്‍സ് വിജയ ലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.
also read: ചഹാര്‍ മിന്നി: ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വിജയം; പരമ്പര
വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തിലും ഇന്ത്യ വിജയം പിടിച്ചിരുന്നു. ജൂലൈ 23നാണ് മൂന്നാമത്തെയും അവസാനത്തെയും ഏകദിനം നടക്കുക.