ചെന്നൈ : ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയില്‍ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണെ തഴഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ബിസിസിഐക്കും മാനേജ്‌മെന്‍റിനുമെതിരെ രൂക്ഷ ഭാഷയിലാണ് ആരാധകര്‍ രംഗത്തെത്തിയത്. ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ ആര്‍ അശ്വിൻ.
സഞ്‌ജുവിനെപ്പോലെ പ്രതിഭയുള്ള ഒരു താരത്തിന് അവസരം ലഭിക്കാതിരുന്നാല്‍ ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യുമെന്നാണ് അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറയുന്നത്. "അവന്‍റെ (സഞ്ജു സാംസൺ) കഴിവിന്, കളിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ചര്‍ച്ചയാവുക തന്നെ ചെയ്യും.
സഞ്ജു സാംസണിന് എല്ലാ അവസരങ്ങളും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, മികച്ച ഫോമിലുള്ള അവന്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അസാധാരണമായ രീതിയിലാണ് അവന്‍ കളിക്കുന്നത്" - അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഹാര്‍ദിക്കിന്‍റേത് 'ധോണി സ്റ്റൈല്‍': സഞ്‌ജുവിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം മികച്ച രീതിയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കൈകാര്യം ചെയ്‌തതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. "ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് 'തല ധോണി' സ്റ്റൈലിലാണ് ഹാര്‍ദിക് മറുപടി നല്‍കിയത്.
'സഞ്‌ജുവിനെ കളിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. വ്യത്യസ്‌ത കോമ്പിനേഷന്‍ പരീക്ഷിക്കുന്നതിനാലാണ് അതിന് കഴിയാതിരുന്നത്. ഏതൊരു കളിക്കാരനും എപ്പോഴും തന്നോട് സംസാരിക്കാമെന്നുമാണ്' ഹാര്‍ദിക് പറഞ്ഞത്.
ഇത്രയും വ്യക്തതയോടെ അവന്‍ സംസാരിക്കുന്നത് കാണുന്നത് സന്തോഷമാണ്. സത്യത്തിൽ, ഹാർദിക്ക് തല ധോണിയുമായി വളരെ അടുത്ത ബന്ധമുള്ള ആളാണെന്ന് നമുക്കറിയാം. ധോണിയുടെ ശൈലിയിൽ അവന്‍ അത് പറയാൻ ആഗ്രഹിച്ചോ എന്ന് എനിക്കറിയില്ല.
Also read: 153.1 കിലോമീറ്റർ... !; തീയുണ്ടയെറിഞ്ഞ് ഉമ്രാന്‍ മാലിക്, ഏകദിനത്തിലെ കന്നി വിക്കറ്റ് കാണാം
തല ധോണിയിൽ നിന്ന് താൻ ഒരുപാട് പഠിച്ചുവെന്ന് അവന്‍ നേരത്തെ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ എപ്പോഴും ട്രെൻഡുചെയ്യുന്ന ഒരു തന്ത്രപരമായ ചോദ്യമാണ് അവന്‍ വളരെ മനോഹരമായി കൈകാര്യം ചെയ്തത്" - അശ്വിൻ പറഞ്ഞു.