ന്യൂഡല്‍ഹി : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) വിജയത്തുടക്കം നേടാന്‍ ആതിഥേയരായ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിനായിരുന്നു ആതിഥേയര്‍ വീഴ്‌ത്തിയത്. ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ ലക്ഷ്യം പിന്തുടരുകയായിരുന്നു. സ്‌പിന്നര്‍മാരുടെ മികവിലായിരുന്നു ചെന്നൈയില്‍ ഇന്ത്യ ഓസീസിനെ പിടിച്ചുകെട്ടിയത്.
കുല്‍ദീപ് യാദവ് Kuldeep Yadav, ആര്‍ അശ്വിന്‍ R Ashwin, രവീന്ദ്ര ജഡേജ Ravindra Jadeja എന്നീ മൂന്ന് സ്‌പിന്നര്‍മാരുമായി ആയിരുന്നു ഇന്ത്യ ഓസീസിനെതിരെ ഇറങ്ങിയത്. മൂന്ന് പേരും മിന്നും പ്രകടനമായിരുന്നു നടത്തിയത്. അശ്വിന്‍ പത്ത് ഓവറില്‍ വെറും 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് 42 റണ്‍സിന് രണ്ട് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ജഡേജയാവട്ടെ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് ഓസീസ് ബാറ്റര്‍മാരെ തിരിച്ചയയ്‌ക്കുകയും ചെയ്‌തു.
സ്‌പിന്നര്‍മാരുടെ ഈ പ്രകടനം വരും മത്സരങ്ങള്‍ക്കുള്ള ടീം സെലക്ഷനില്‍ ചെറിയ 'തലവേദന' സൃഷ്‌ടിച്ചേക്കും. ബാറ്റിങ് പറുദീസയായ ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ അടുത്ത മത്സരം കളിക്കുന്നത്. ഇവിടെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഏറ്റുമുട്ടിയപ്പോള്‍ റണ്‍മഴ പെയ്‌തിരുന്നു.
ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് 400ന് മുകളില്‍ സ്‌കോര്‍ ചെയ്‌തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 300 റണ്‍സിന് മുകളില്‍ നേടിയിരുന്നു. ഡല്‍ഹിയില്‍ ബാറ്റര്‍മാരാണ് കാര്യങ്ങള്‍ തീരുമാനിക്കുകയെന്നിരിക്കെ മൂന്ന് സ്‌പിന്നര്‍മാരും രണ്ട് പേസര്‍മാരുമെന്ന കോമ്പിനേഷന്‍ ഇന്ത്യയ്‌ക്ക് പിന്തുടരാം. എന്നാല്‍ സ്‌പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത വിക്കറ്റുകളിലേക്ക് മത്സരം എത്തുമ്പോള്‍ നിലവിലെ കോമ്പിനേഷന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും പൊളിക്കേണ്ടിവരും.
ഇങ്ങനെയാണെങ്കില്‍ കുല്‍ദീപ് യാദവും ജഡേജയും പ്ലെയിങ് ഇലവനില്‍ ഇടം നേടുമ്പോള്‍ അശ്വിനായിരിക്കും പുറത്തിരിക്കേണ്ടി വരിക. നിലവിലെ ഫോമില്‍ കുല്‍ദീപിനേയും ബോളിങ്ങിനൊപ്പം ബാറ്റിങ് മികവ് കണക്കിലെടുത്ത് ജഡേജയേയും മാറ്റി നിര്‍ത്തുകയെന്ന കാര്യം മാനേജ്‌മെന്‍റ് ചിന്തിക്കില്ല. ഇതോടെ ലോകകപ്പില്‍ അശ്വിന്‍റെ ഭാവി കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad) : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.