മുംബൈ : ഭോജ്‌പുരി നടിയും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ യുവതി നല്‍കിയ പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ പൃഥ്വി ഷായ്‌ക്കും സുഹൃത്ത് സുരേന്ദ്ര യാദവിനുമെതിരെ കേസെടുത്തതായി റിപ്പോര്‍ട്ട്. അന്ധേരി മജിസ്ട്രേറ്റ് കോടതിയിലാണ് നടി പരാതി സമര്‍പ്പിച്ചിരിക്കുന്നത്. പൃഥ്വി ഷായും സുഹൃത്തും ചേർന്ന് പൊതുസ്ഥലത്ത് വച്ച് അപമാനിക്കുകയും മാരകായുധം ഉപയോഗിച്ച് ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് നടി പരാതിയില്‍ പറയുന്നത്.
പൃഥ്വി ഷാ തന്‍റെ നെഞ്ചില്‍ പിടിച്ചുതള്ളിയെന്നും ഹീനവും നിയമവിരുധവുമായ പെരുമാറ്റമാണ് ഉണ്ടായതെന്നും നടിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ബാറ്റുകൊണ്ട് ആക്രമിച്ചതിന് ഐപിസി സെക്ഷൻ 354, 509, 324 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
ലൈംഗികാതിക്രമം തെളിയിക്കുന്നതിന് സുപ്രധാന തെളിവായി സർക്കാർ ആശുപത്രിയുടെ മെഡിക്കല്‍ രേഖയും നടി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 15ന് മുംബൈയിലെ സ്റ്റാര്‍ ഹോട്ടലിലും പരിസരത്തുമായുണ്ടായ ഏറ്റുമുട്ടലിന്‍റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ കേസ്. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചിന് നടിയും സുഹൃത്തുക്കളും ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയും കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്‌തുവെന്ന് പൃഥ്വി ഷായുടെ സുഹൃത്ത് നല്‍കിയ പരാതിയില്‍ ഫെബ്രുവരി 17ന് നടിയെ ഓഷിവാര പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
സംഭവത്തില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുംബൈ എയർപോർട്ട് സ്റ്റേഷനിലും നടി പരാതി നല്‍കിയിരുന്നു. താനൊരു കടുത്ത ക്രിക്കറ്റ് ആരാധിക അല്ലാത്തതിനാല്‍ പൃഥ്വി ഷാ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു. സുഹൃത്തായ ശോഭിത് താക്കൂറായിരുന്നു പൃഥ്വി ഷായെ സെല്‍ഫിക്കായി സമീപിച്ചത്.
എന്നാല്‍ താരവും സുഹൃത്തുക്കളും ചേര്‍ന്ന് തങ്ങളെ ആദ്യം പ്രകോപിപ്പിക്കുകയായിരുന്നു. ശത്രുതയോടെ പെരുമാറിയ പൃഥ്വി ഷാ ശോഭിത്തിന്‍റെ ഫോൺ ബലമായി പിടിച്ചെടുത്ത് തറയിൽ എറിഞ്ഞ് കേടുവരുത്തി. സംഭവ സമയത്ത് താരം മദ്യപിച്ചിരുന്നു. സുഹൃത്തിനെ ആക്രമിക്കരുതെന്ന് പറയുന്ന സമയത്ത് പൃഥ്വി ഷാ തന്നെ അനുചിതമായി സ്പർശിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നുമായിരുന്നു എന്നാണ് ഇവിടെ നല്‍കിയ പരാതിയില്‍ നടി പറഞ്ഞിരുന്നത്.
അതേസമയം മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കാനെത്തിയപ്പോള്‍ നടിയും സുഹൃത്ത് ശോഭിത് താക്കൂറും സെൽഫി ആവശ്യപ്പെട്ട് ശല്യം ചെയ്‌തുവെന്നാണ് പൃഥ്വി ഷായുടെ വാദം. ഹോട്ടൽ മാനേജരോട് പരാതിപ്പെട്ടതോടെ ജീവനക്കാരെത്തി നടിയേയും സുഹൃത്തുക്കളേയും പുറത്താക്കി. പക്ഷേ ഹോട്ടലിന് പുറത്ത് കാത്തിരുന്ന സംഘം തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയും കാര്‍ അടിച്ച് തകര്‍ക്കുകയുമായിരുന്നു എന്നുമാണ് താരത്തിന്‍റെ സുഹൃത്ത് നടിയ്‌ക്ക് എതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്.
ALSO READ: 'ശുഭ്‌മാൻ ഗില്ലിനെ കണ്ട് പഠിക്കൂ'; പൃഥ്വി ഷായ്‌ക്ക് ഉപദേശവുമായി വിരേന്ദ്ര സെവാഗ്
50,000 രൂപ തന്നില്ലെങ്കിൽ യുവതിയെ ആക്രമിച്ചു എന്നാരോപിച്ച് കള്ളക്കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും പൃഥ്വി ഷായുടെ സുഹൃത്ത് ആശിഷ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കാതിരുന്നത് ക്രിക്കറ്റ് താരവും സുഹൃത്തുക്കളുടേയും അഭ്യര്‍ഥന പ്രകാരമായിരുന്നുവെന്ന് നടി പിന്നീട് പറഞ്ഞിരുന്നു.
50,000 രൂപയ്‌ക്കായി ഭീഷണിപ്പെടുത്തിയെന്ന പൃഥ്വി ഷായുടെ സുഹൃത്തിന്‍റെ പരാതിയോടും നടി പ്രതികരിച്ചിരുന്നു. ഈ കാലത്ത് 50,000 രൂപ കൊണ്ട് എന്തുചെയ്യാനാണെന്നും രണ്ട് റീലുകൾ ഉണ്ടാക്കിയാല്‍ ഒരു ദിവസം കൊണ്ട് തന്നെ തനിക്ക് അത്രയും പണം സമ്പാദിക്കാമെന്നും, ആരോപണങ്ങളിലെങ്കിലും ഒരു നിലവാരം വേണമെന്നുമായിരുന്നു നടി പ്രതികരിച്ചത്.