മെല്‍ബണ്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്ത് മാറ്റം വേണമെന്ന് അഭിപ്രായപ്പെട്ട് ഒസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ജോ റൂട്ടിന് പകരം ബെന്‍ സ്റ്റോക്‌സിനെ ക്യാപ്റ്റനാക്കണമെന്നാണ് പോണ്ടിങ് പറയുന്നത്. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ മോശം പ്രകടനം മുന്‍ നിര്‍ത്തിയാണ് പോണ്ടിങ്ങിന്‍റെ പ്രതികരണം.
''റൂട്ടിന് പകരം ക്യാപ്റ്റനാവേണ്ട ഒരേഒരാള്‍ ബെന്‍സ്റ്റോക്‌സാണ്. ടീമിന്‍റെ ക്യാപ്റ്റനായിരുന്നെങ്കിൽ സ്റ്റോക്‌സ് യഥാർത്ഥത്തിൽ ഒരു കളിക്കാരനായി വളരുമെന്ന് ഞാൻ കരുതുന്നു.
അൽപ്പം അധിക ഉത്തരവാദിത്വം സ്റ്റോക്‌സിനെ ഇതിലും മികച്ച കളിക്കാരനാക്കും. അത് ടീമിലെ ബാക്കിയുള്ളവരിൽ സ്വാധീനം ചെലുത്തുമെന്നും ഞാൻ കരുതുന്നു.'' ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പോണ്ടിങ് പറഞ്ഞു.
ആഷസിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇംഗ്ലണ്ട് തോറ്റതിന് പിന്നാലെ റൂട്ടിനെ മാറ്റി ബെന്‍ സ്‌റ്റോക്‌സിനെ ക്യാപ്റ്റനാക്കണമെന്ന തരത്തില്‍ വിവിധ കോണുകളില്‍ നിന്നും ആവശ്യങ്ങളുയര്‍ന്നിരുന്നു.
also read: ലെജന്‍ഡ്‌സ് ലീഗിന് സച്ചിനുണ്ടാവില്ല; വ്യക്തത വരുത്തി എസ്‌ആര്‍ടി മാനേജ്‌മെന്‍റ്
റൂട്ടിനെ മാറ്റാനായി ജെഫ്രി ബോയ്‌കോട്ട്, ഇയാന്‍ ചാപ്പല്‍ തുടങ്ങിയ മുന്‍ താരങ്ങള്‍ വെയ്‌സ് ക്രിക്കറ്റ് ബോര്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ റൂട്ടിന് പൂര്‍ണ പിന്തുണ നല്‍കി സ്‌റ്റോക്‌സ് രംഗത്തെത്തിയിരുന്നു. ആഷസിലെ മോശം പ്രകടനം മൊത്തം ടീമിന്‍റേതാണെന്നും നേതൃത്വത്തിന് മാത്രമല്ല അതിന്‍റെ ഉത്തരവാദിത്വമെന്നും സ്റ്റോക്‌സ് പറഞ്ഞത്.
ഇംഗ്ലണ്ട് ടീമിന്‍റെ ക്യാപ്റ്റനാവാന്‍ ആഗ്രഹിച്ചിട്ടില്ല. തുടരണമോ വേണ്ടയോ എന്നത് റൂട്ടിന്‍റെ വ്യക്തിപരമായ തീരുമാനമാണ്. അക്കാര്യത്തില്‍ മറ്റുള്ളവര്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്നുമായിരുന്നു സ്റ്റോക്‌സിന്‍റെ പ്രതികരണം.