എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച നിലയിൽ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി അവസാനിച്ചപ്പോൾ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 338 റണ്‍സ് എന്ന നിലയിലാണ്. അതിവേഗ സെഞ്ച്വറി നേടിയ റിഷഭ് പന്തിന്‍റെയും (111 പന്തിൽ 146), അർധസെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയുടേയും ബാറ്റിങ് മികവാണ് ഇന്ത്യക്ക് കരുത്തായത്.
നിലവിൽ ജഡേജയും (83), മുഹമ്മദ് ഷമിയുമാണ് ക്രീസിൽ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഇംഗ്ലീഷ് ബോളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. ശുഭ്‌മാൻ ഗിൽ (17), ചേതേശ്വർ പുജാര (13), ഹനുമാൻ വിഹാരി (20), വിരാട് കോലി (11), ശ്രയസ് അയ്യർ (15) എന്നിവർ പെട്ടന്ന് വീണതോടെ 98/5 എന്ന നിലയിൽ ഇന്ത്യ തകർച്ച മുന്നിൽക്കണ്ടു. എന്നാൽ പിന്നീട് ക്രിസീൽ ഒന്നിച്ച പന്ത്- ജഡേജ സഖ്യം തകർപ്പൻ ഷോട്ടുകളുടെ പിൻബലത്തിൽ ഇന്ത്യയുടെ സ്‌കോർ ഉയർത്തുകയായിരുന്നു.
റെക്കോഡ് കൂട്ടുകെട്ട്: ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 222 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇംഗ്ലണ്ടിനെതിരെ ആറാം വിക്കറ്റിൽ ഇന്ത്യയുടെ റെക്കോഡ് കൂട്ടുകെട്ടാണിത്. ഇംഗ്ലണ്ടിനു വേണ്ടി ജയിംസ് ആൻഡേഴ്സൻ 3 വിക്കറ്റും മാത്യു പോട്‌സ് 2 വിക്കറ്റും വീഴ്ത്തിയപ്പോൾ ജോ റൂട്ട്, ബെൻ സ്റ്റോക്‌സ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.
പന്തിന്‍റെ വിളയാട്ടം: 89 പന്തിലാണ് കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി പന്ത് ബര്‍മിങ്ങാമില്‍ കുറിച്ചത്. 111 പന്തില്‍ നിന്ന് നാല് സിക്സും 20 ഫോറുമടക്കം 146 റണ്‍സെടുത്ത പന്തിനെ ജോ റൂട്ടാണ് പുറത്താക്കിയത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും പന്ത് സ്വന്തമാക്കി. 2005-06 പരമ്പരയില്‍ പാകിസ്ഥാനെതിരേ 93 പന്തില്‍ നിന്ന് സെഞ്ചുറിയിലെത്തിയ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ റെക്കോഡാണ് പന്ത് മറികടന്നത്.