മുംബൈ : ഐപിഎല്ലിന്‍റെ ഈ സീസണില്‍ ഏറ്റവും സ്വാധീന ശേഷിയുള്ള നായകന്‍ സഞ്ജു സാംസണെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥിവ് പട്ടേല്‍. ക്യാപ്റ്റന്‍സിയില്‍ സഞ്ജു ഒരുപാട് മെച്ചപ്പെട്ടു. കളിക്കളത്തില്‍ ശാന്തത പുലര്‍ത്തുന്നതിനും ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനും രാജസ്ഥാന്‍ നായകനെ പാര്‍ഥിവ് പട്ടേല്‍ അഭിനന്ദിക്കുകയും ചെയ്‌തു.
ഐപിഎല്ലിന്‍റെ ആദ്യ ക്വാളിഫയറിന് സഞ്‌ജുവും കൂട്ടരുമിറങ്ങാനിരിക്കെയാണ് പാര്‍ഥിവ് ഇക്കാര്യം പറഞ്ഞത്. 2018ന് ശേഷം രാജസ്ഥാനെ ആദ്യമായി പ്ലേ ഓഫിലെത്തിച്ച നായകനാണ് 27കാരനായ സഞ്‌ജു. 2021 സീസണില്‍ സ്റ്റീവ് സ്മിത്തിനെ നീക്കിയതിന് പിന്നാലെയാണ് സഞ്‌ജു ടീമിന്‍റെ ചുമതലയേല്‍ക്കുന്നത്.
സഞ്‌ജുവിന് കീഴില്‍ ആദ്യ സീസണില്‍ മികവ് പുലര്‍ത്താന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. യുഎഇയില്‍ നടന്ന മത്സരങ്ങളില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്‌ത്. എന്നാല്‍ ഇക്കുറി മെഗാ താര ലേലത്തിലൂടെ സന്തുലിതമായ ടീമിനെ കണ്ടെത്താന്‍ രാജസ്ഥാന് കഴിഞ്ഞു.
അതേസമയം ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സുമായാണ് ഏറ്റുമുട്ടുന്നത്. മഴ ഭീഷണിക്കിടെ ഈഡൻ ഗാർഡൻസില്‍ രാത്രി 7.30നാണ് മത്സരം. ഇതില്‍ ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലുറപ്പിക്കാം.
തോല്‍ക്കുന്ന ടീമിന് രണ്ടാം ക്വാളിഫയറിലൂടെ ഒരവസരം കൂടി ലഭിക്കും. എലിമിനേറ്ററിലെ വിജയിയെയാണ് തോല്‍ക്കുന്ന ടീം രണ്ടാം ക്വാളിഫയറില്‍ നേരിടുക. ബുധനാഴ്ചയാണ് മൂന്നാം സ്ഥാനക്കായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സും നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരുന്ന എലിമിനേറ്റര്‍.