മുംബൈ: പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനമായതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ എത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റ്- സെപ്‌റ്റംബര്‍ മാസങ്ങളിലാണ് ഏഷ്യ കപ്പ് നടക്കുക.
പിന്നാലെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. മത്സരങ്ങളുടെ സമയക്രമം ഐസിസി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ആതിഥേയരായ ബിസിസിഐ ഐസിസിക്ക് സമര്‍പ്പിച്ച ഡ്രാഫ്‌റ്റ് ഷെഡ്യൂള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഫീഡ്‌ബാക്കിനായി ഐസിസി അംഗ രാജ്യങ്ങള്‍ക്ക് നല്‍കിയ ഈ ഷെഡ്യൂളില്‍ പാകിസ്ഥാന്‍ അതൃപ്തി പ്രകടിപ്പിച്ചതായാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്.
ചില ടീമുകള്‍ക്കെതിരെ ചില വേദികളില്‍ കളിക്കാന്‍ തയ്യാറല്ലെന്നാണ് പാകിസ്ഥാന്‍ നിലപാട് എടുത്തിരിക്കുന്നത്. നോക്കൗട്ട് ഘട്ടത്തില്‍ അല്ലാതെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കളിക്കില്ലെന്ന് നേരത്തെ തന്നെ പാകിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ അഫ്ഗാനിസ്ഥാനെതിരെ ചെന്നൈയില്‍ കളിക്കുന്നതിനും ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ബെംഗളൂരുവില്‍ കളിക്കുന്നതിനുമാണ് പാകിസ്ഥാന്‍ വിസമ്മതിക്കുന്നത്.
ഏകദിന ലോകകപ്പിന്‍റെ ഡ്രാഫ്‌റ്റ് ഷെഡ്യൂള്‍ ചെയ്‌ത വേദികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ബോർഡിന്‍റെ ഡാറ്റ, അനലിറ്റിക്സ്, ടീം സ്ട്രാറ്റജി വിദഗ്ധർക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉറവിടങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. പരമ്പരാഗതമായി സ്പിന്നിനെ പിന്തുണയ്‌ക്കുന്ന പിച്ചാണ് ചെന്നൈയിലെ ചെപ്പോക്കിലേത്. ഇവിടെ അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരെ നേരിടുന്നത് കനത്ത വെല്ലുവിളിയാവുമെന്നാണ് പാകിസ്ഥാന്‍ കരുതുന്നത്.
ബാറ്റിങ് പറുദിസയായ ബെംഗളൂരുവില്‍ ഓസ്ട്രേലിയയ്‌ക്ക് എതിരെ കളിക്കുന്നത് കഠിനമാവുമെന്നും വിലയിരുത്തലുണ്ട്. ഇതോടെ അഫ്‌ഗാനിസ്ഥാനും ഓസ്‌ട്രേലിയക്കും എതിരായ മത്സരങ്ങളുടെയും വേദികള്‍ പരസ്പരം മാറ്റണമെന്ന പുതിയ ആവശ്യം പാകിസ്ഥാന്‍ മുന്നോട്ട് വച്ചതായാണ് റിപ്പോര്‍ട്ട്. ടീമിന്‍റെ കരുത്ത് അനുസരിച്ചുള്ള വേദികള്‍ക്ക് അംഗീകാരം നല്‍കിയാല്‍ മതിയെന്ന് മാനേജ്‌മെന്‍റിന് സെലക്‌ടര്‍മാരുടെ നിര്‍ദേശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം ഡ്രാഫ്‌റ്റ് ഷെഡ്യൂളില്‍ ഐസിസി അംഗങ്ങളോട് ഫീഡ് ബാക്ക് ആവശ്യപ്പെടുന്നത് പ്രോട്ടോക്കോളിന്‍റെ ഭാഗമാണെന്നും വേദികൾ മാറ്റുന്നതിന് ശക്തമായ കാരണം വേണമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായും വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2016-ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പില്‍ സുരക്ഷ കാരണങ്ങള്‍ പറഞ്ഞതിനാല്‍ പാക്കിസ്ഥാന്‍റെ മത്സരങ്ങളുടെ വേദിയില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ടീമിന്‍റെ ശക്തിയും ബലഹീനതയും അനുസരിച്ച് വേദികള്‍ മാറ്റണമെന്ന ആവശ്യം അംഗീകരിച്ചാല്‍ ലോകകപ്പ് മത്സരക്രമം നിശ്ചയിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
ഡ്രാഫ്റ്റ് ഷെഡ്യൂൾ പ്രകാരം ഒക്ടോബർ അഞ്ചിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡുമാണ് ഉദ്‌ഘാനട മത്സരത്തില്‍ ഏറ്റുമുട്ടുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. നവംബർ 19-ന് ഇതേ വേദിയില്‍ തന്നെയാ് ടൂര്‍ണമെന്‍റിന്‍റെ ഫൈനലും അരങ്ങേറുക. ഒക്‌ടോബര്‍ 15-ന് അഹമ്മദാബാദില്‍ തന്നെയാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്ലാമര്‍ മത്സരവും നിശ്ചയിച്ചിരിക്കുന്നത്. പാകിസ്ഥാന്‍റെ അതൃപ്‌തിയുള്ളതിനാല്‍ ഈ മത്സരത്തിന്‍റെ വേദി മാറ്റുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.