ന്യൂഡല്‍ഹി : ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ ഷെഡ്യൂളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അവസാനിച്ചു. ബിസിസിഐ നല്‍കിയ ഡ്രാഫ്റ്റ് ഷെഡ്യൂളില്‍ മാറ്റം വരുത്താതെ തന്നെ കളിക്കാമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമ്മതിച്ചതോടെയാണ് ഇതുസംബന്ധിച്ച പ്രതിസന്ധികൾ നീങ്ങിയത്. ഇതോടെ ലോകകപ്പിന്‍റെ അന്തിമ ഷെഡ്യൂള്‍ നാളെ (ജൂൺ 27) ഐസിസി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ബിസിസിഐ സമര്‍പ്പിച്ച ഡ്രാഫ്റ്റ് ഷെഡ്യൂള്‍ ഫീഡ് ബാക്കിനായി ഐസിസി അംഗ രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. മറ്റ് രാജ്യങ്ങള്‍ ഇതംഗീകരിച്ചപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡ്രാഫ്‌റ്റ് ഷെഡ്യൂളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയ്‌ക്കെതിരായ മത്സരം അഹമ്മദാബാദില്‍ നടത്തരുത്. അഫ്‌ഗാനിസ്ഥാനെതിരെ ചെന്നൈയിലും ഓസ്ട്രേലിയയ്ക്ക് എതിരെ ബെംഗളൂരുവിലും നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങളുടെ വേദികള്‍ തമ്മില്‍ പരസ്‌പരം മാറ്റണമെന്നുമായിരുന്നു പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളില്‍ പാകിസ്ഥാന് മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് ബിസിസിഐയും ഐസിസിയും ഡ്രാഫ്‌റ്റ് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ തയ്യാറാവാതിരുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നീണ്ടുപോയതോടെയാണ് അന്തിമ ഷെഡ്യൂള്‍ പ്രഖ്യാപനവും വൈകിയത്.
ഡ്രാഫ്റ്റ് ഷെഡ്യൂളില്‍ പാകിസ്ഥാന്‍റെ ആവശ്യപ്രകാരം ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്ക് എതിരെ കളിക്കുന്നതിന് രാഷ്‌ട്രീയ കാരണങ്ങളാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞിരുന്നത്. പരമ്പരാഗതമായി സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന ചെന്നൈയിലെ പിച്ചില്‍ അഫ്‌ഗാനിസ്ഥാന്‍ സ്പിന്നർമാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ എന്നിവര്‍ക്കെതിരെ കളിക്കുന്നത് ആത്മഹത്യാപരമാവുമെന്നും ബാറ്റിങ് പറുദീസയായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസീസിനെ നേരിടുന്നത് വെല്ലുവിളിയാവുമെന്നും ടീമിന്‍റെ അനലിറ്റിക്‌സ്, ഡാറ്റ, ടീം സ്ട്രാറ്റജി വിദഗ്‌ധര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വേദി മാറ്റം ആവശ്യപ്പെട്ടത്.
അതേസമയം സുരക്ഷ കാരണങ്ങളുണ്ടെങ്കില്‍ മാത്രമാണ് സാധാരണയായി മത്സരങ്ങളുടെ വേദിമാറ്റത്തിന് അനുമതി നല്‍കാറുള്ളത്. ഇന്ത്യയില്‍ 2016-ല്‍ നടന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍റെ മത്സരത്തിന്‍റെ വേദിയില്‍ സുരക്ഷ കാരണങ്ങളെത്തുടര്‍ന്ന് മാറ്റം വരുത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ ധര്‍മ്മശാലയില്‍ നടക്കേണ്ടിയിരുന്ന മത്സരം കൊല്‍ക്കത്തയിലേക്കാണ് മാറ്റിയിരുന്നത്. എന്നാല്‍ തങ്ങളുടെ കരുത്തിന് അനുസരിച്ച് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ ഒരു ടീം ആവശ്യപ്പെടുന്നത് ഇതാദ്യത്തെ സംഭവമാണ്.
ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടത്തുന്നത് സാമ്പത്തികമായി ഐസിസിക്ക് ഏറെ നേട്ടമുണ്ടാക്കുന്നതാണ്. 1,30,000 പേര്‍ക്കാണ് ഇവിടെ കളി കാണാന്‍ സാധിക്കുക. കൂടാതെ വിവിഐപികൾ അടക്കം പങ്കെടുക്കേണ്ടതിനാൽ പറ്റിയ വേദി ഇതു തന്നെയാണെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ തന്നെ ഏകദിന ലോകകപ്പിന്‍റെ അന്തിമ ഷെഡ്യൂള്‍ പ്രഖ്യാപിക്കാനായിരുന്നു ഐസിസി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഡ്രാഫ്‌റ്റ് ഷെഡ്യൂളില്‍ പാകിസ്ഥാന്‍ ഉന്നയിച്ച മാറ്റങ്ങളാണ് പ്രഖ്യാപനം വൈകിച്ചതെന്ന് ബിസിസിഐക്ക് നേരത്തേ തന്നെ ആക്ഷേപമുണ്ട്.