ബെംഗളൂരു : ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ പരിക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ട്രെസ് ഫ്രാക്‌ചര്‍ അല്ല, സ്ട്രെസ് റിയാക്ഷനാണ് ബുംറ നേരിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ സ്‌കാനിലാണ് ഇക്കാര്യം വ്യക്തമായത്.
ഇതോടെ താരത്തിന് നാല് മുതല്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടിവന്നേക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ട്രെസ് റിയാക്ഷന്‍ എന്നത് സ്‌ട്രെസ് ഫ്രാക്‌ചറിന്‍റെ അത്ര സാരമുള്ളതല്ല. സ്‌ട്രെസ് ഫ്രാക്‌ചറായിരുന്നെങ്കില്‍ നാല് മുതല്‍ ആറ് മാസം വരെ വിശ്രമം ആവശ്യമായി വരുമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.
പരിക്കിനെ തുടര്‍ന്ന് ബുംറ ടി20 ലോകകപ്പില്‍ നിന്നും പുറത്തായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം പുറത്തായെന്ന് പറയാറായിട്ടില്ലെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും പ്രതികരിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരാന്‍ രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്നും ഇരുവരും പറയുകയും ചെയ്‌തു.
also read: "അപ്പോഴും ഇപ്പോഴും എപ്പോഴും ഇന്ത്യയ്‌ക്കായി''; വിജയം ആരാധകര്‍ക്ക് സമര്‍പ്പിച്ച് സച്ചിന്‍
സെപ്‌റ്റംബര്‍ 16നും ഒക്‌ടോബര്‍ 15നും ഇടയിലാണ് ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട കളിക്കാരന് പരിക്കേല്‍ക്കുന്നതെങ്കില്‍ പകരക്കാരനെ ഉള്‍പ്പെടുത്താന്‍ ഇവന്‍റ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അനുവാദം വാങ്ങേണ്ടതില്ല. ഒക്‌ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. പ്രോട്ടീസിനെതിരായ ടി20 പരമ്പരയില്‍ നിന്നും പുറത്തായ ബുംറയ്‌ക്ക് പകരം മുഹമ്മദ് സിറാജാണ് ടീമിലെത്തിയത്.