ഹൈദരാബാദ് : പല തലമുറകളെ ക്രിക്കറ്റിലേക്ക് അടുപ്പിച്ചാണ് ആരാധകര്‍ 'ക്രിക്കറ്റ് ദൈവം' എന്ന് വിശേഷിപ്പിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കളം വിട്ടത്. 1989 നവംബര്‍ 15ന് പാകിസ്ഥാനെതിരെയാണ് ഇതിഹാസ താരം അന്താരാഷ്ട ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
തുടര്‍ന്ന്, അപ്രാപ്യമായതെന്ന് തോന്നിച്ച പല റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചാണ് താരം കളിക്കളം വാണത്.
14/08/1990
സച്ചിനെ സംബന്ധിച്ചും ആരാധകരെ സംബന്ധിച്ചും ആഗസ്റ്റ് 14 എന്നത് ഒരിക്കലും മറക്കാനാവാത്ത തിയ്യതിയാണ്. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1990ലെ ഓഗസ്റ്റ് 14നാണ് ആദ്ദേഹം ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി കുറിക്കുന്നത്.
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു സച്ചിന്‍റെ കന്നി സെഞ്ച്വറി. ഇംഗ്ലീഷുകാര്‍ക്കെതിരെ കൂറ്റൻ തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ടീമിനെ സെഞ്ച്വറി പ്രകടനത്തിലൂടെ സമനിലയിലേക്ക് നയിച്ചത് ചരിത്രം.
17 വർഷവും 112 ദിവസവും മാത്രമായിരുന്നു അന്ന് സച്ചിന്‍റെ പ്രായം. ഇതോടെ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കാനും സച്ചിന് കഴിഞ്ഞു.
ഓൾഡ് ട്രാഫോഡിലെ ചെറുത്ത് നില്‍പ്പും സച്ചിന്‍റെ സെഞ്ച്വറിയും
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഗ്രഹാം ഗൂച്ച് (116), മൈക്ക് ആതർട്ടൺ (131), റോബിൻ സ്മിത്ത് (121*) എന്നിവരുടെ മികവില്‍ ആദ്യ ഇന്നിങ്സില്‍ 519 റണ്‍സെടുത്തു.
ഇന്ത്യയുടെ മറുപടി 432 റണ്‍സില്‍ അവസാനിച്ചു. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്‍ (179) സഞ്ജയ് മഞ്ജരേക്കർ (93) സച്ചിൻ (68) എന്നിവരായിരുന്നു പ്രധാന സ്കോറര്‍മാര്‍.
87 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് കൂടി നേടി 408 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് അവസാന ദിനം ഇന്ത്യയ്ക്ക് മുന്നില്‍വച്ചത്. എന്നാല്‍ ഇന്ത്യന്‍ തുടക്കം പതര്‍ച്ചയോടെയായിരുന്നു.
ഓപ്പണര്‍മാരായ നവജ്യോത് സിങ് സിദ്ദു (0), രവി ശാസ്ത്രി (12) എന്നിവര്‍ വേഗത്തില്‍ കൂടാരം കയറി. മൂന്നാം വിക്കറ്റിൽ സഞ്ജയ് മഞ്ജരേക്കറും ദിലീപ് വെങ്സർക്കാറും 74 റൺസ് കൂട്ടുകെട്ടുണ്ടാക്കി. പക്ഷേ സ്കോര്‍ 109ല്‍ നില്‍ക്കെ മഞ്ജരേക്കറും (50), വെങ്സർക്കാറും (32) തൊട്ടടുത്ത പന്തുകളില്‍ പുറത്തായി.
ക്രീസില്‍ ആറാം നമ്പറായെത്തിയ സച്ചിനൊപ്പം 18 റണ്‍സിന്‍റെ കൂട്ടുകെട്ടില്‍ നില്‍ക്കെ അസ്ഹറുദ്ദീനെയും (11) ഇംഗ്ലീഷുകാര്‍ പവലിയനിലേക്ക് മടക്കി. തുടര്‍ന്നെത്തിയ കപില്‍ ദേവും (26) വേഗം മടങ്ങിയതോടെ ഇന്ത്യ തോല്‍വി മണത്തു. എന്നാല്‍ ഇവിടെ നിന്നും ഇന്ത്യ ഉയിര്‍ത്തെഴുന്നേറ്റു.
also read: 'ഒരു സമയം ഒരു ചുവടെന്ന്' പോച്ചെറ്റിനോ ; മെസിയുടെ അരങ്ങേറ്റത്തിനായി ഇനിയും കാക്കണം
സെഞ്ച്വറി നേടിയ സച്ചിന്‍ മനോജ് പ്രഭാകറിനൊപ്പം ഇന്ത്യക്ക് സമനില സമ്മാനിക്കുകയായിരുന്നു. പിരിയാത്ത ഏഴാം വിക്കറ്റിൽ 160 റണ്‍സായിരുന്നു സഖ്യം ഇന്ത്യയ്ക്ക് നല്‍കിയത്.
189 പന്തുകൾ നേരിട്ട സച്ചിൻ 17 ബൗണ്ടറികൾ സഹിതം 119* റൺസ് നേടി. 67* റണ്‍സായിരുന്നു പ്രഭാകറിന്‍റെ സമ്പാദ്യം. മത്സരത്തിന്‍റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സച്ചിന്‍ തന്നെയാണ്.