കറാച്ചി: വീണ്ടുമൊരു ഐസിസി കിരീടത്തിനായുള്ള പത്ത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഇത്തവണ സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിലൂടെ (ODI world cup 2023) അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിന് മുമ്പ് ആതിഥേയരായ 2011-ലെ ലോകകപ്പില്‍ (ODI world cup) എംഎസ് ധോണിക്ക് (MS Dhoni) കീഴില്‍ ഇറങ്ങിയ ഇന്ത്യ കിരീടം നേടിയിരുന്നു. പിന്നീട് 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് (ICC Champions Trophy) ഇന്ത്യ അവസാനമായി നേടിയ ഐസിസി കിരീടം.
ഇക്കുറി സ്വന്തം മണ്ണില്‍ നടക്കുന്ന എകദിന ലോകകപ്പില്‍ രോഹിത് ശര്‍മ (Rohit Sharma) നേതൃത്വം നല്‍കുന്ന ടീമില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ധോണിക്ക് പിന്നാലെ നായക സ്ഥാനത്ത് എത്തിയ വിരാട് കോലിക്ക് (Virat Kohli) ഐസിസി കിരീടങ്ങള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താലാണ് ടീമിന്‍റെ ചുമതല രോഹിത്തില്‍ എത്തിയത്.
എന്നാല്‍ 2022 ടി20 ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ താരത്തിന് കഴിഞ്ഞില്ല. ഇതോടെ ഏകദിന ലോകകപ്പില്‍ ക്യാപ്റ്റനെന്ന നിലയിലും രോഹിത്തിന് കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്നുറപ്പ്. എന്നാല്‍ രോഹിത് ശര്‍മ (Rohit Sharma) ഇന്ത്യയുടെ നായക സ്ഥാനം ഏറ്റെടുക്കാൻ പാടില്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാൻ പേസ് ഇതിഹാസം ഷൊയ്ബ് അക്തർ (Shoaib Akhtar on Rohit Sharma captaincy) .
മികച്ച താരം പക്ഷെ ക്യാപ്റ്റന്‍സി?: "ഒരിക്കൽ ടീമിന്‍റെ മുഴുവൻ സമ്മർദവും സ്വയം ഏറ്റെടുക്കുന്ന ഒരു നായകന്‍ ഇന്ത്യയ്‌ക്ക് ഉണ്ടായിരുന്നു. എംഎസ് ധോണിയെന്നാണ് അയാളുടെ പേര് ((Shoaib Akhtar on MS Dhoni captaincy). ഒരു ക്യാപ്റ്റന് മാത്രമേ ടീമിലെ മുഴുവന്‍ അംഗങ്ങളേയും തന്‍റെ പിന്നിൽ നിർത്താൻ കഴിയൂ. തീര്‍ച്ചയായും രോഹിത് ശര്‍മ ഒരു മികച്ച താരമാണ്.
പക്ഷേ, ക്യാപ്റ്റൻസിയുള്ള സമയത്ത് അല്‍പം അശക്തനായി തോന്നുന്നു. പലപ്പോഴും സമ്മര്‍ദ സാഹചര്യങ്ങള്‍ അവനെ പരിഭ്രാന്തനാക്കുന്നുണ്ട്. എന്‍റെ വാക്കുകള്‍ ഒരല്‍പ്പം കഠിനമായേക്കാം. പക്ഷേ, അവന്‍ നായകസ്ഥാനം ഏറ്റെടുക്കേണ്ടിയിരുന്നില്ല എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം"- ഷൊയ്ബ് അക്തർ (Shoaib Akhtar) പറഞ്ഞു.
രോഹിത് ക്ലാസിക്കല്‍ ബാറ്റര്‍: "വിരാട് കോലിയ്‌ക്ക് പോലും അവന്‍റെ അത്ര കഴിവില്ല. രോഹിത്തിന്‍റെ ടൈമിങ്ങും കളിക്കുന്ന ഷോട്ടുകളും നോക്കൂ..., ഒരു ക്ലാസിക്കൽ ബാറ്ററാണവന്‍. പക്ഷേ അവനെ ക്യാപ്റ്റൻസിക്ക് വേണ്ടി സൃഷ്ടിച്ചതാണോ എന്ന ചോദ്യമുണ്ട്.
സമ്മര്‍ദ സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവന് കഴിയുന്നുണ്ടോ?. ഇതു ഞാന്‍ എന്നോട് തന്നെ പലതവണ ചോദിക്കാറുണ്ട്. അവനും ഇക്കാര്യത്തില്‍ സ്വയം ചോദ്യങ്ങളുയര്‍ത്തണം"- ഷൊയ്ബ് അക്തർ (Shoaib Akhtar) പറഞ്ഞു നിര്‍ത്തി.