കറാച്ചി: ഏഷ്യ കപ്പിന്‍റെ നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വം ഒഴിഞ്ഞതോടെ ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാകിസ്ഥാനാണ് ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്‍റിനായി പാക് മണ്ണിലേക്ക് ടീമിനെ അയയ്‌ക്കില്ലെന്ന് ബിസിസിഐ അറിയിച്ചതോടെയാണ് ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
ഒടുവില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടക്കുന്ന രീതിയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെയാണ് ഇതു സംബന്ധിച്ച അനിശ്ചിത്വവും അവസാനിച്ചത്. ഇതോടെ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ട് പാകിസ്ഥാനെടുക്കുന്ന നിലപാടാണ് ഇനി ശ്രദ്ധാകേന്ദ്രം.
സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യ കപ്പിന് പിന്നാലെ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുക. ലോകകപ്പിന്‍റെ മത്സര ക്രമം ഐസിസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിസിസിഐ സമര്‍പ്പിച്ച ഡ്രാഫ്‌റ്റ് ഷെഡ്യൂള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതു പ്രകാരം ഒക്‌ടോബർ അഞ്ചിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡും ഏറ്റുമുട്ടുന്നതോടെയാണ് ടൂര്‍ണമെന്‍റിന് തുടക്കമാവുക.
15-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. നോക്കൗട്ട് ഘട്ടത്തില്‍ അല്ലാതെ അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതോടെ ഈ മത്സരത്തിന്‍റെ വേദി മാറുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.
എന്നാല്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളിക്കില്ലെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. അഹമ്മദാബാദില്‍ കളിക്കാന്‍ എന്തുകൊണ്ടാണ് പാകിസ്ഥാന്‍ വിസമ്മതിക്കുന്നതെന്ന് ചോദിച്ച ഷാഹിദ് അഫ്രീദി, വേദിയെ കുറിച്ച് ചിന്തിക്കുന്നതിന് പകരം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ തോൽപ്പിക്കുകയാണ് വേണ്ടതെന്നാണ് പറയുന്നത്.
"പാകിസ്ഥാൻ എന്തുകൊണ്ടാണ് അഹമ്മദാബാദിലെ പിച്ചിൽ കളിക്കാൻ വിസമ്മതിക്കുന്നത്? അവിടെ എന്താ പ്രേതബാധയുണ്ടോ?", ഒരു പ്രദേശിക ചാനലില്‍ അഫ്രീദി ചോദിച്ചു.
"പോയി കളിക്കുകയും വിജയിക്കുകയും ചെയ്യു, ഇതൊക്കെയാണ് മുന്നില്‍ കാണുന്ന വെല്ലുവിളികളെങ്കില്‍, അവയെ മറികടക്കാനുള്ള ഏക മാർഗം സമഗ്രമായ വിജയം മാത്രമാണ്. ഏറ്റവും അവസാനത്തില്‍ പാക് ടീമിന്‍റെ വിജയം മാത്രമാണ് പ്രധാനം. ഇതൊക്കെ പോസിറ്റീവായി എടുക്കുക.
ഇന്ത്യയ്‌ക്ക് അവിടെയാണ് സൗകര്യപ്രദമെങ്കില്‍, നിങ്ങൾ പോയി, തിങ്ങിനിറഞ്ഞ ഇന്ത്യൻ കാണികളുടെ മുന്നിൽ ഒരു വിജയം നേടുകയും നിങ്ങൾക്ക് എന്താണ് ലഭിച്ചതെന്ന് അവരെ കാണിക്കുകയും വേണം", ഷാഹിദ് അഫ്രീദി പറഞ്ഞു.
അതേസമയം സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമെ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്തിമ തീരുമാനം എടൂക്കൂവെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേത്തി അടുത്തിടെ അറിയിച്ചത്. അഹമ്മദാബാദില്‍ കളിക്കുമോ എന്ന ചോദ്യം തങ്ങളോട് ചോദിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. സമയമാവുമ്പോള്‍ എല്ലാത്തിനും ഉത്തരം ലഭിക്കുമെന്നുമായിരുന്നു സേത്തിയുടെ പ്രതികരണം.
ALSO READ: 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം; അഫ്‌ഗാനെതിരെ ചരിത്രം തീര്‍ത്ത് ബംഗ്ലാദേശ്