ലണ്ടന്‍: ഏകദിന ഫോര്‍മാറ്റിലെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും യു-ടേണ്‍ എടുക്കാന്‍ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റനും സ്റ്റാര്‍ ഓൾറൗണ്ടറുമായ ബെൻ സ്റ്റോക്‌സ് (Ben Stokes). ഇന്ത്യയിൽ ഏകദിന ലോകകപ്പ് (ODI world cup) കളിക്കാൻ 32-കാരനായ ബെൻ സ്റ്റോക്സ് തയ്യാറാണെന്ന് ഒരു പ്രമുഖ ബ്രിട്ടീഷ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടാല്‍ സ്റ്റോക്‌സ് എകദിന ലോകകപ്പിനിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.
അടുത്തിടെ അവസാനിച്ച ആഷസ് പരമ്പരയ്‌ക്കായി നേരത്തെ ടെസ്റ്റില്‍ നിന്നും വിരമിച്ച ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയെ ഇംഗ്ലണ്ട് തിരികെ എത്തിച്ചിരുന്നു. നിലവില്‍ സ്റ്റോക്‌സിന് മുന്നിലും സമാനമായ സാഹചര്യമാണുള്ളത്. ആവശ്യമെങ്കിൽ ടീമിന്‍റെ മധ്യനിരയിൽ സ്പെഷ്യലിസ്റ്റ് ബാറ്ററായി സ്റ്റോക്‌സ് കളിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാല്‍മുട്ടിന് പരിക്കുള്ള താരത്തിന് എത്രത്തോളം ഓവര്‍ പന്തെറിയാന്‍ കഴിയുമെന്ന് ടീമിന് ആശങ്കയുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്ക് പിന്നാലെയാണ് സ്റ്റോക്‌സ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കും മുമ്പ് ഇംഗ്ലീഷ് ടീമിനായി 104 ഏകദിനങ്ങളില്‍ സ്റ്റോക്സ് കളിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചുറികളും 21 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 39.45 ശരാശരിയില്‍ 2919 റണ്‍സ് നേടിയിട്ടുണ്ട്.
74 വിക്കറ്റുകളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ജോലിഭാരം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സ്റ്റോക്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മൂന്ന് ഫോർമാറ്റിലും കളിക്കുന്നത് പ്രയാസകരമാണ്. താന്‍ വിരമിക്കുന്നത് ഒരു യുവതാരത്തിന് ടീമിലേക്ക് വഴിയൊരുക്കും എന്നും സ്റ്റോക്‌സ് പ്രതികരിച്ചിരുന്നു.
ലോകകപ്പ് ഹീറോ: 2019-ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് എത്തിച്ചതില്‍ പ്രധാന പങ്കാണ് ബെന്‍ സ്റ്റോക്‌സിനുള്ളത്. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 98 പന്തില്‍ 84 റണ്‍സുമായി പുറത്താവാതെ നിന്ന സ്റ്റോക്‌സിന്‍റെ പ്രകടനമാണ് മത്സരം നിശ്ചിത ഓവറില്‍ സമനിലയിലേക്ക് എത്തിച്ചത്. പിന്നീട് നടന്ന സൂപ്പര്‍ ഓവറും ടൈ ആയിരുന്നു. ഇതോടെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. സ്റ്റോക്‌സായിരുന്നു മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ചെന്നൈക്ക് തിരിച്ചടി?: ഏകദിന ലോകകപ്പില്‍ കളിക്കുകയാണെങ്കില്‍ ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ സ്റ്റോക്‌സ് കളിക്കില്ലെന്ന് ഉറപ്പാണ്. ആഷസിനിടെ കാല്‍മുട്ടിനേറ്റ പരിക്ക് പൂര്‍ണമായും മാറാന്‍ താരത്തിന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവേണ്ടതുണ്ട്. ലോകകപ്പിനിറങ്ങുകയാണെങ്കില്‍ ഇതു മാറ്റിവയ്‌ക്കാനാണ് സാധ്യത.
ഇതോടെ ഐപിഎല്ലിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്ത് താരം തിരികെ എത്താന്‍ സാധ്യത കുറവാണ്. കഴിഞ്ഞ താര ലേലത്തില്‍ 16 കോടി മുടക്കിയായിരുന്നു 32-കാരനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയിരുന്നത്. പരിക്ക് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കഴിഞ്ഞ സീസണില്‍ ടീമിനായി കാര്യമായ പ്രകടനം നടത്താന്‍ സ്റ്റോക്‌സിന് കഴിഞ്ഞിരുന്നില്ല.
ALSO READ: 'സഞ്‌ജുവിനെ നശിപ്പിക്കരുത്, ഇങ്ങനെയെങ്കില്‍ റിങ്കുവിനെ കളിപ്പിക്കൂ'; ആഞ്ഞടിച്ച് അഭിഷേക് നായര്‍