കേപ് ടൗണ്‍: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (Cricket South Africa). ടെംബ ബാവുമയുടെ (Temba Bavuma) നേതൃത്വത്തിലുള്ള 15 അംഗ ദക്ഷിണാഫ്രിക്കന്‍ ടീമിനെയാണ് ബോര്‍ഡ് ഇന്ത്യയിലേക്ക് അയക്കുന്നത് (Temba Bavuma to lead South Africa in ODI World Cup 2023).
യുവ താരങ്ങളായ ഡെവാള്‍ഡ് ബ്രെവിസിനെയും ട്രൈസ്റ്റന്‍ സ്റ്റബ്സിനെയും ഒഴിവാക്കി. 22-കാരനായ ജെറാൾഡ് കോറ്റ്‌സിയുടേതാണ് (Gerald Coetzee) ടീമിലെ ഏറ്റവും ശ്രദ്ധേയമായ പേര്. ഈ വർഷമാദ്യം അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച വലങ്കയ്യന്‍ പേസറായ ജെറാൾഡ് കോറ്റ്‌സി ഇതേവരെ രണ്ട് ഏകദിന മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.
ഒരു മൂന്ന് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ആകെ അഞ്ച് വിക്കറ്റുകളാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. ക്വിന്‍റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസൻ, എയ്‌ഡൻ മാർക്രം, ഡേവിഡ് മില്ലർ, റാസി വാൻ ഡർ ദസ്സന്‍ എന്നിവരാണ് ടീമിലെ പ്രധാന ബാറ്റര്‍മാര്‍. കാഗിസോ റബാദ നയിക്കുന്ന പേസ് നിരയില്‍ ആന്‍റിച്ച് നോര്‍ക്യ, ലുങ്കി എൻഗിഡി എന്നിവരുമുണ്ട്.
കേശവ് മഹാരാജ്, തബ്രൈസ് ഷംസി എന്നിവരാണ് സ്പിന്നര്‍മാരായി ടീമിലെത്തിയത്. മാർക്കോ ജാൻസണും സിസന്ദ മഗലയുമാണ് ഓൾറൗണ്ടർമാര്‍.
ദക്ഷിണാഫ്രിക്ക ലോകകപ്പ് സ്‌ക്വാഡ് (ODI World Cup 2023 South Africa squad): ടെംബ ബാവുമ (ക്യാപ്റ്റന്‍), ക്വിന്‍റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, മാർക്കോ ജാൻസൻ, ഹെൻറിച്ച് ക്ലാസൻ, ജെറാൾഡ് കോറ്റ്‌സി, സിസന്ദ മഗല, കേശവ് മഹാരാജ്, ഏയ്‌ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർക്യ, കാഗിസോ റബാദ, തബ്രൈസ് ഷംസി, റാസി വാന്‍ഡെർ ദസ്സൻ.
South Africa ODI World CUp 2023 squad: Temba Bavuma (c), Gerald Coetzee, Keshav Maharaj, Aiden Markram, David Miller, Quinton de Kock, Reeza Hendricks, Marco Jansen, Heinrich Klaasen, Sisanda Magala, Lungi Ngidi, Anrich Nortje, Kagiso Rabada, Tabraiz Shamsi, Rassie van der Dussen.
അതേസമയം ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 17 വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഇന്ത്യയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നെതർലൻഡ്‌സ് ടീമുകളാണ് ടൂര്‍ണമെന്‍റിനിറങ്ങുന്നത്. ഒക്ടോബർ ഏഴിന് ശ്രീലങ്കക്കെതിരെയാണ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം.