ഏറെ നീണ്ട അനിശ്ചിതത്ത്വങ്ങള്‍ക്ക് ഒടുവിലാണ് അയല്‍ക്കാരും ചിരവൈരികളുമായ ഇന്ത്യയുടെ മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി (ODI World Cup 2023) പാകിസ്ഥാന്‍ എത്തുന്നത്. ടൂര്‍ണമെന്‍റിന്‍റെ ആദ്യ നാലില്‍ ഇടം നേടുമെന്ന് പ്രവചിക്കപ്പെടുന്ന പാക് ടീം (Pakistan Cricket team) ഏകദിന ലോകകപ്പില്‍ തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്. 1975-ല്‍ ലോകകപ്പിന്‍റെ പ്രഥമ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ പാക് ടീം പിന്നീട് അപ്രതീക്ഷിത മുന്നേറ്റങ്ങള്‍ നടത്തിയതിനും വിശ്വകിരീടത്തില്‍ മുത്തമിട്ടതിനും കാലം സാക്ഷിയാണ് (Pakistan Cricket team In ICC World Cup) .
1979, 1983, 1987 വര്‍ഷങ്ങളില്‍ സെമി ഫൈനലില്‍ മടങ്ങേണ്ടി വന്ന ടീമിന് 1992-ലാണ് തങ്ങളുടെ കന്നി കിരീടം നേടാനായത്. അന്ന് ഇമ്രാന്‍ ഖാന് (Imran khan) കീഴില്‍ കളിച്ച പാകിസ്ഥാന്‍ ചരിത്ര പ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചായിരുന്നു ചാമ്പ്യന്മാരായത്. 1996-ല്‍ നടന്ന തൊട്ടടുത്ത പതിപ്പില്‍ ക്വാര്‍ട്ടര്‍ കടക്കാന്‍ കഴിയാതെ വന്ന ടീം 1999-ല്‍ ഫൈനലിലെത്തിയിരുന്നു. കലാശപ്പോരില്‍ ഓസീസിനോട് തോറ്റായിരുന്നു പാക് പട തങ്ങളുടെ രണ്ടാം കിരീടം കൈവിട്ടത്.
പിന്നീട് 2003, 2007 വര്‍ഷങ്ങളില്‍ ആദ്യ റൗണ്ടില്‍ തന്നെ സംഘത്തിന് കാലിടറി. 2011-ല്‍ സെമിയിലേക്ക് കുതിച്ചെത്തിയെങ്കിലും ഇന്ത്യയ്‌ക്ക് മുന്നില്‍ വീണു. 2015-ല്‍ ക്വാര്‍ട്ടറിലായിരുന്നു പാക് ടീമിന് കാലിടറിയത്. 2019-ലെ അവസാന പതിപ്പിലാവട്ടെ അഞ്ചാം സ്ഥാനം കൊണ്ട് സംഘത്തിന് തൃപ്‌തിപ്പെടേണ്ടി വരികയും ചെയ്‌തിരുന്നു.
ഇക്കുറി അയല്‍ക്കാരുടെ മണ്ണിലേക്ക് പുത്തന്‍ പ്രതീക്ഷകളുമായാണ് ബാബര്‍ അസമും (Babar Azam) സംഘവും എത്തുന്നത്. ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരടങ്ങുന്ന പാക് പേസ് നിര ലോകത്തെ പേരുകേട്ട ഏതൊരു ബാറ്റിങ് നിരയേയും വെല്ലുവിളിക്കാന്‍ പോന്നതായിരുന്നു.
എന്നാല്‍ ഏഷ്യ കപ്പിനിടെ പരിക്കേറ്റ നസീം ഷായില്ലാതെയാണ് പാകിസ്ഥാന്‍ ലോകകപ്പിനിറങ്ങുന്നത്. ഏഷ്യ കപ്പിനിടെ തോളിനേറ്റ പരിക്കാണ് നസീം ഷായെ ടൂര്‍ണമെന്‍റിന് പുറത്തിരുത്തിയത്. താരത്തിന്‍റെ അഭാവം ടീമിന്‍റെ പേസ് നിരയുടെ മൂര്‍ച്ചയെ ബാധിക്കുമെന്ന് തന്നെയാണ് പൊതുവെ വിലയിരുത്തല്‍.
ഏകദിനത്തില്‍ ലോക ഒന്നാം നമ്പറായ ക്യാപ്റ്റന്‍ ബാബര്‍ അസം, ഫഖർ സമാന്‍, ഇമാം ഉൾ ഹഖ്, മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖർ അഹമ്മദ്, സൽമാൻ ആഗ എന്നിവരുടെ ബാറ്റിങ്ങിലാണ് പാക് ടീമിന്‍റെ പ്രധാന പ്രതീക്ഷ. സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഉസാമ മിർ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും.
2016-ലെ ടി20 ലോകകപ്പിന് ശേഷം ഇതാദമായി കൂടിയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടുമെത്തുന്നത്. കിരീടവുമായി തിരികെ മടങ്ങാന്‍ ബാബര്‍ അസമിനും സംഘത്തിനും കഴിയുമോയെന്ന് കാത്തിരുന്ന് കാണാം....