ന്യൂഡല്‍ഹി: സമീപ കാലത്ത് റണ്‍ വരള്‍ച്ച നേരിടുന്ന വിരാട് കോലിയെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഗവാസ്‌കര്‍. രോഹിത് ശര്‍മയോ, മറ്റ് താരങ്ങളോ റണ്‍സ് എടുക്കാതിരുന്നാല്‍ ആരും ഒന്നും ചോദിക്കില്ല. എന്നാല്‍ കോലിയുടെ കാര്യം വ്യത്യസ്‌തമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഫോം വീണ്ടെടുക്കുന്നതിനായി കോലിക്ക് സമയം നല്‍കണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
"രോഹിത് ശർമ റൺസ് നേടാത്തപ്പോൾ ആരും അതിനെ കുറിച്ച് സംസാരിക്കില്ല, മറ്റേതെങ്കിലും കളിക്കാരൻ റൺസ് നേടാത്തപ്പോഴും ആരും അതേ കുറിച്ച് മിണ്ടില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല.
ഫോം താല്‍ക്കാലികവും ക്ലാസ് സ്ഥിരതയുള്ളതുമാണ്. വിദേശ പിച്ചുകളില്‍ വ്യത്യസ്‌ത ശൈലിയിലാണ് ബാറ്റ് ചെയ്യേണ്ടത്. ചില സമയങ്ങളില്‍ നിങ്ങള്‍ പരാജയപ്പെട്ടേക്കാം. നമുക്കൊരു സെലക്ഷന്‍ കമ്മിറ്റിയുണ്ട്. ഇതേക്കുറിച്ച് അവര്‍ ആലോചിക്കും", ഗവാസ്‌കര്‍ സ്‌പോര്‍ട്‌സ് തകിനോട് പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. സമീപ കാലത്ത് വലിയ സ്‌കോര്‍ കണ്ടെത്താനാവാതെ വലഞ്ഞ കോലി ഇംഗ്ലണ്ടിലും അത് ആവര്‍ത്തിച്ചു. കളിച്ച ഒരു ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 31 റണ്‍സ് മാത്രം നേടിയ താരം, രണ്ട് ടി20കളില്‍ കണ്ടെത്തിയത് 12 റണ്‍സാണ്. ഇതോടെ കോലിയെ പുറത്ത് ഇരുത്തണമെന്ന അഭിപ്രായങ്ങള്‍ ശക്തമാവുകയാണ്.
ഫോമിലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ബോളിങ് കോച്ച് വെങ്കടേഷ് പ്രസാദ്, മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് തുടങ്ങിയവര്‍ നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു. ഫോം നഷ്‌ടമായപ്പോള്‍ സൗരവ് ഗാംഗുലി, വിരേന്ദർ സെവാഗ്, യുവ്‍രാജ് സിങ്, സഹീർ ഖാന്‍, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ തുടങ്ങിയവരെല്ലാം ടീമിന് പുറത്തായിട്ടുണ്ടെന്നും പ്രസാദ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
ഫോമിലുള്ള താരങ്ങളില്‍ ചിലര്‍ നിർഭാഗ്യം കൊണ്ട് മാത്രം പുറത്ത് ഇരിക്കുന്നവരാണ് എന്നായിരുന്നു സെവാഗിന്‍റെ ട്വീറ്റ്. അതേസമയം ടെസ്റ്റിലെ ലോക രണ്ടാം നമ്പര്‍ ബോളറായ അശ്വിനെ പുറത്ത് ഇരുത്താമെങ്കില്‍, കോലിയെ എന്തുകൊണ്ട് പുറത്ത് ഇരുത്തിക്കൂടായെന്ന് മുന്‍ ക്യാപ്‌റ്റന്‍ കപില്‍ ദേവും ചോദിച്ചിരുന്നു. എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.