കൊൽക്കത്ത: ക്രിക്കറ്റ് അഡ്‌മിനിസ്ട്രേറ്റർ എന്ന നിലയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമാണ് മുൻ ഇന്ത്യൻ താരമായ നിരഞ്ജൻ ഷായ്‌ക്കുള്ളത്. 1965-66 കാലഘട്ടത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായി തുടങ്ങിയ അദ്ദേഹം 1972ൽ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍റെ സെക്രട്ടറി ആയതോടെയാണ് ക്രിക്കറ്റ് അഡ്‌മിനിസ്‌ട്രേറ്ററുടെ മേലങ്കി ധരിച്ചത്.
അന്നുമുതൽ പതിറ്റാണ്ടുകളായി തന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്തം അദ്ദേഹം വളരെ സമർഥമായി തന്നെ കൈകാര്യം ചെയ്‌തു. ബിസിസിഐ വൈസ് പ്രസിഡന്‍റ് സ്ഥാനം, ഐപിഎൽ വൈസ് ചെയർമാൻ സ്ഥാനം എന്നിവയ്‌ക്ക് പുറമെ നാല് തവണ ബോർഡിന്‍റെ സെക്രട്ടറി സ്ഥാനത്തും നിരഞ്ജൻ ഷാ പ്രവർത്തിച്ചിട്ടുണ്ട്.
ഇപ്പോൾ ലോധ കമ്മിറ്റിയുടെ നിരവധി വിവാദ വ്യവസ്ഥകളിൽ ഇളവ് വരുത്തിയ സുപ്രീം കോടതി വിധിയെത്തുടർന്ന് ബിസിസിഐ 91-ാമത് വാർഷിക പൊതുയോഗം ഒക്‌ടോബർ 18ന് നടത്താനുള്ള ഒരുക്കത്തിലാണ്. ഈ അവസരത്തിൽ ബിസിസിഐയെ കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് നിരഞ്ജൻ ഷാ.
- താങ്കള്‍ ആഗ്രഹിച്ചതുപോലെ ചില വ്യവസ്ഥകളിൽ ഇളവ് വരുത്തിയ സുപ്രീം കോടതി വിധിയെ എങ്ങനെയാണ് സ്വീകരിക്കുന്നത് ?
നിരഞ്ജൻ ഷാ: കോടതി വിധി നിലവിലെ ഭാരവാഹികൾക്ക് ഒരു ടേം കൂടി തുറന്നുകൊടുത്തു. അല്ലെങ്കിൽ അവർ കൂളിങ് ഓഫ് പിരീഡിലേക്ക് പോകുമായിരുന്നു. അതുകൊണ്ട് കാര്യങ്ങളുടെ നടത്തിപ്പിൽ തുടർച്ച ഉണ്ടാകുന്നത് നല്ലതാണ്.
- ക്രിക്കറ്റ് അഡ്‌മിനിസ്ട്രേറ്റർമാരിൽ താങ്കളുടെ തലമുറയിലെ ആളുകളെ ഈ വിധി സഹായിക്കുന്നുണ്ടോ ?
നിരഞ്ജൻ ഷാ: 11 വർഷത്തെ പരിധി ഉള്ളതിനാൽ കാലാവധി പൂർത്തിയാക്കുകയോ പൂർത്തിയാക്കാൻ പോകുകയോ ചെയ്യുകയാണ് ഞങ്ങളിൽ പലരും. അതിനാൽ ഈ വിധി ഇപ്പോൾ ഞങ്ങൾക്ക് ഉപയോഗപ്രദമാണ്. വലിയ രീതിയിൽ സഹായിച്ചിട്ടില്ലെങ്കിലും ഈ വിധിയിൽ ഞങ്ങൾ തൃപ്‌തരാണ്.
- ഭാവിയിൽ ബോർഡിന്‍റെ പ്രവർത്തനവുമായി താങ്കൾ ബന്ധപ്പെടുമോ ?
നിരഞ്ജൻ ഷാ: ബോർഡിന്‍റെ കാര്യങ്ങൾ നടത്തുന്നതിന് ഞങ്ങളുടെ സേവനം വേണോ എന്നത് പുതിയ ഭാരവാഹികളെ ആശ്രയിച്ചിരിക്കുന്നു. അവർക്ക് ഞങ്ങളുടെ സേവനങ്ങൾ വേണമെങ്കിൽ തീർച്ചയായും ഞങ്ങൾ സഹായം നൽകും.
- ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോൾ ബോർഡിൽ എന്തെങ്കിലും രാഷ്‌ട്രീയ സമ്മർദമുണ്ടോ ?
നിരഞ്ജൻ ഷാ: ഞങ്ങൾക്ക് ഒരു രാഷ്ട്രീയ സമ്മർദവുമില്ല. ബോർഡ് ഒരു ജനാധിപത്യ പ്രക്രിയയിലാണ് പ്രവർത്തിക്കുന്നത്. എല്ലാ അസോസിയേഷനുകളും ജനാധിപത്യ രീതിയിലാണ് പ്രവർത്തിക്കുന്നത്. സംസ്ഥാന അസോസിയേഷനുകൾ ബോർഡിലേക്ക് പ്രതിനിധികളെ അയയ്ക്കുന്നു. അവിടെ നിങ്ങൾക്ക് എത്താൻ ഭൂരിപക്ഷം ആവശ്യമാണ്.
- എൻ ശ്രീനിവാസൻ, അജയ് ഷിർക്കെ തുടങ്ങിയവരും താങ്കളെപ്പോലെത്തന്നെ ബോർഡിൽ മികച്ച സംഭാവന നൽകിയവരാണ്. ബോർഡിലേക്ക് പുതു തലമുറയുടെ വരവ് എങ്ങനെ നോക്കിക്കാണുന്നു?
നിരഞ്ജൻ ഷാ: സുപ്രീം കോടതിയുടെ വിധിയിൽ ഞങ്ങൾ തൃപ്‌തരാണ്. ഈ സ്ഥാപനത്തെ ഇപ്പോഴത്തെ നിലയിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ഇന്നിംഗ്‌സ് പൂർത്തിയായി. ആ സ്ഥാനത്തേക്ക് എത്താൻ പുതിയവർ കാവൽ നിൽക്കുന്നുണ്ട്. ബോർഡ് ഭരണത്തിലേക്ക് യുവതലമുറ വരുന്നത് ശരിയാണെന്നാണ് എന്‍റെ അഭിപ്രായം.
- ഭാരവാഹികളെ സംബന്ധിച്ച് താങ്കളുടെ തെരഞ്ഞെടുപ്പ് എങ്ങനെയായിരിക്കും ?
നിരഞ്ജൻ ഷാ: ആരുടെയും അഭിപ്രായത്തെ ആശ്രയിച്ചല്ല ഈ പ്രക്രീയ നടക്കുന്നത്. ബിസിസിഐ അധ്യക്ഷനോ സെക്രട്ടറിയോ ആരായിരിക്കണമെന്ന് സംസ്ഥാന പ്രതിനിധികളാണ് തീരുമാനിക്കുന്നത്. പക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ ഭരണതുടർച്ച നിലനിർത്തണമെന്നും നിലവിലെ ഭാരവാഹികൾക്ക് മൂന്ന് വർഷം കൂടി കാലാവധിയുണ്ടാകുമെന്നും ഞാൻ കരുതുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പഴയ കാവൽക്കാരില്ലാതെയാണ് ബിസിസിഐ പ്രവർത്തിക്കുന്നത്.
- ബോർഡിന്‍റെ നേതൃത്വ തലത്തിൽ ഉണ്ടായിരിക്കണമെന്ന് കരുതുന്ന അഞ്ച് പേരുടെ പേര് പറയാമോ ?
നിരഞ്ജൻ ഷാ: പ്രത്യേകിച്ച് ആരുടെയും പേര് പറയാൻ ഞാൻ ഇഷ്‌ടപ്പെടുന്നില്ല. ആര് വരും, ആരാണ് തുടരാൻ ആഗ്രഹിക്കുന്നത് എന്നിവയെല്ലാം പ്രതിനിധികളെ ആശ്രയിച്ചിരിക്കുന്നു.
- യുവ തുർക്കികൾക്ക് താങ്കളുടെ സഹായം വാഗ്‌ദാനം ചെയ്യുമോ ?
നിരഞ്ജൻ ഷാ: അവർക്ക് ആവശ്യമുള്ളപ്പോൾ മാത്രം ഞങ്ങൾ മാർഗനിർദേശങ്ങൾ നൽകും. എന്നാൽ അത് ദൈനംദിന അടിസ്ഥാനത്തിൽ ആയിരിക്കില്ല.
- ബിസിസിഐ ഭരണത്തിൽ എൻ ശ്രീനിവാസന്‍റെ സഹായം എങ്ങനെ പ്രയോജനപ്പെടുമെന്നാണ് താങ്കൾ കരുതുന്നത് ?
നിരഞ്ജൻ ഷാ: ശ്രീനിവാസനിൽ നിന്ന് ബോർഡിന് എന്തെങ്കിലും മാർഗ നിർദേശം ആവശ്യമായി വരുമ്പോൾ തന്‍റെ ചിന്തകളും അനുഭവങ്ങളും അദ്ദേഹം പൂർണമനസോടെ പങ്കുവെക്കുമെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.
- ഭാരവാഹികളുടെ പേരുകൾ എപ്പോഴാണ് തീരുമാനിക്കുക ?
നിരഞ്ജൻ ഷാ: ഈ ആഴ്‌ച ബിസിസിഐയിലെ മുതിർന്ന അംഗങ്ങൾ യോഗം ചേർന്ന് ഭാവി നടപടി തീരുമാനിക്കുമെന്നാണ് ഞാൻ കരുതുന്നത്.
- വാർഷിക പൊതുയോഗത്തിൽ താങ്കൾ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുണ്ടോ ?
നിരഞ്ജൻ ഷാ: ഇല്ല. ഭാരവാഹി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. എല്ലാവരും ഏകകണ്ഠമായിരിക്കാനാണ് സാധ്യത.
ALSO READ: ബിസിസിഐ ഭരണഘടന ഭേദഗതിക്ക് സുപ്രീംകോടതി അനുമതി; ഗാംഗുലിക്കും ജയ് ഷാക്കും ആശ്വാസം