റിയാദ്: യൂറോപ്പിനോട് ബൈ പറയുന്ന ഫുട്‌ബോളിലെ പല വമ്പന്മാരും ഇപ്പോള്‍ ഏഷ്യയിലേക്കാണ് ചേക്കേറിക്കൊണ്ടിരിക്കുന്നത്. പലരും പന്ത് തട്ടാന്‍ എത്തുന്നതുമാകട്ടെ സൗദി പ്രോ ലീഗിലേക്കുമാണ് (Saudi Pro League). ഈയൊരാറ്റ സീസണ്‍ കൊണ്ടാണ് സൗദി പ്രോ ലീഗിന്‍റെ ഗ്രാഫ് അതിവേഗം ഉയര്‍ന്നത്.
ഇന്ന്, ട്രാന്‍സഫര്‍ വിന്‍ഡോ സംബന്ധിച്ച വാര്‍ത്തകളിലെല്ലാം തന്നെ സൗദി ക്ലബ്ബുകളും ഇടം പിടിക്കാറുണ്ട്. ഖത്തര്‍ ലോകകപ്പിന് ശേഷമാണ് വമ്പന്മാര്‍ പലരും സൗദിയിലേക്ക് എത്തിയത് എന്നതുമാണ് ശ്രദ്ധേയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) വിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (Cristiano Ronaldo) സൗദിയിലേക്ക് കളം മാറ്റി ചവിട്ടിയ പ്രമുഖരില്‍ ഒന്നാമന്‍.
റൊണാള്‍ഡോയ്‌ക്ക് പിന്നാലെ വമ്പന്‍ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇവിടേക്കെത്തി. കരീം ബെന്‍സേമ (Karim Benzema), എന്‍ഗോളോ കാന്‍റെ (N'Golo Kante), ഖാലിദൗ കൗലിബാലി (Kalidou Koulibaly), സാദിയോ മാനെ (Sadio Mane) തുടങ്ങിയവരാണ് റൊണാള്‍ഡോയ്‌ക്ക് ശേഷം സൗദിയിലേക്ക് എത്തിയത്. ഇക്കൂട്ടത്തിലേക്കുള്ള പുതിയ അഡ്‌മിഷനാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ജൂനിയര്‍ (Neymar Jr.)
ആറ് വര്‍ഷത്തോളമായി ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് നെയ്‌മര്‍ സൗദി ക്ലബായ അല്‍ ഹിലാലുമായി (Al Hilal) കരാര്‍ ഒപ്പുവച്ചത്. 31കാരനായ നെയ്‌മറിന് നിലവില്‍ രണ്ട് വര്‍ഷത്തെ കരാര്‍ ആണ് അല്‍ ഹിലാലുമായിട്ടുള്ളത്. ഇപ്പോള്‍ യൂറോപ്പില്‍ നിന്നും താനും ഇങ്ങോട്ടേക്ക് വരാനുള്ള പ്രധാന കാരണം അല്‍ നസ്‌ര്‍ (Al Nassr) താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വന്ന ശേഷമുണ്ടായ മാറ്റമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് നെയ്‌മര്‍.
Also Read : Cristiano Ronaldo | 'യൂറോപ്പും അമേരിക്കയുമല്ല, മികച്ചത് സൗദി പ്രോ ലീഗ്, ഇനി യൂറോപ്പിലേക്കൊരു തിരിച്ചുപോക്കില്ല': ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
'ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എല്ലാത്തിനും തുടക്കമിട്ടത്. ഇങ്ങോട്ടേക്ക് വന്നപ്പോള്‍ എല്ലാവരും അയാളെ ഒരു ഭ്രാന്തന്‍ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ നോക്കൂ.. ഈ ലീഗ് കൂടുതല്‍ മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്.
മികവുറ്റ കളിക്കാര്‍ മറ്റ് ടീമിലും ഉണ്ടാകുമ്പോള്‍ നല്ലപോലെ ഇവിടെയും കളിക്കേണ്ടി വരും. റൊണാള്‍ഡോ, ബെന്‍സേമ, ഫിര്‍മിനോ ഉള്‍പ്പടെയുള്ള താരങ്ങളെ നേരിടുമ്പോള്‍ ആവേശവും മത്സരത്തിന്‍റെ കാഠിന്യവും ഇരട്ടിക്കും.
ഓരോ സ്ക്വാഡും നിലവാരം പുലര്‍ത്തേണ്ടത് ഏറെ അത്യാവശ്യമാണ്. എന്‍റെ കാര്യത്തില്‍ ഞാന്‍ എടുക്കുന്ന ചില തീരുമാനങ്ങള്‍ കരിയറിന് ഗുണം ചെയ്യുന്നതായിരിക്കും എന്നാണ് കരുതുന്നത്. ഇവിടെ ഈ ക്ലബിനായി കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹക്കുന്നത്' നെയ്‌മര്‍ വ്യക്തമാക്കി.
രണ്ട് വര്‍ഷത്തേക്ക് നെയ്‌മറുമായി ഏകദേശം 200 മില്യണ്‍ ഡോളറിന്‍റെ (1600 കോടി) കരാര്‍ ആണ് അല്‍ ഹിലാലിനുള്ളത്. പുതിയ ക്ലബില്‍ പത്താം നമ്പര്‍ ജഴ്‌സിയിലാണ് നെയ്‌മര്‍ കളിക്കാന്‍ ഇറങ്ങുക.
Read More : പണമെറിഞ്ഞ് സൗദി ഫുട്‌ബോൾ, നെയ്‌മർ അല്‍ ഹിലാലില്‍: നമ്പർ പത്ത് തന്നെ