കൊളംബോ: ക്രിക്കറ്റിന്‍റെ പ്രധാനപ്പെട്ട രണ്ട് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചതിന് ശേഷവും ലോക റെക്കോര്‍ഡ് തിരുത്തുക. അപൂര്‍വമായ അത്തരമൊരു നേട്ടത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ശ്രീലങ്കയിലെ കാന്‍ഡി സ്റ്റേഡിയം. റെക്കോര്‍ഡ് തിരുത്തല്‍ നേട്ടം സ്വന്തമാക്കിയതും ഒരു ശ്രീലങ്കക്കാരന്‍ തന്നെ. ശ്രീലങ്കന്‍ ക്രിക്കറ്റ് സംഭാവന ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ.
ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മലിംഗയിപ്പോള്‍. രാജ്യാന്തര ടി20 മത്സരങ്ങളില്‍ 98 വിക്കറ്റെടുത്തിട്ടുള്ള പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയെ മറികടന്ന് 99 വിക്കറ്റുകളുമായാണ് മലിംഗ പുതു ചരിത്രമെഴുതിയത്. 99 മത്സരങ്ങളില്‍ നിന്ന് 98 വിക്കറ്റ് നേടിയ അഫ്രീദിയെ മലിംഗ മറികടന്നത് വെറും 74 മത്സരങ്ങളില്‍ നിന്നാണ്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് മലിംഗയുടെ റെക്കോര്‍ഡ് നേട്ടം. കിവീസ് ബാറ്റ്സ്മാന്മാരായ കോളിന്‍ മണ്‍റോയെയും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനെയുമാണ് മലിംഗ പുറത്താക്കിയത്. റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയെങ്കിലും ശ്രീലങ്കക്ക് വിജയം സമ്മാനിക്കാന്‍ മലിംഗക്കായില്ല. 19ാം ഓവറിലെ ആദ്യ പന്ത് വൈഡ് എറിഞ്ഞ് മലിംഗ തന്നെ ന്യൂസിലന്‍ഡിനുള്ള വിജയ വഴി തുറന്നു. ബൗണ്ടറി കടന്ന വൈഡിനൊപ്പം ആ ഓവറില്‍ത്തന്നെ ഒരു സിക്സറും മലിംഗ വഴങ്ങി. അഞ്ച് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡ് ജയം.