ക്രൈസ്റ്റ് ചർച്ച്: ലിറ്റൺ ദാസിന്‍റെ സെഞ്ചുറി (114 പന്തില്‍ 102 റണ്‍സ്) പ്രകടനത്തിനും ബംഗ്ലാദേശിനെ രക്ഷിക്കാനായില്ല. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാ കടുവകള്‍ക്ക് കൂറ്റന്‍ തോല്‍വി.
മത്സരം അവസാനിക്കാൻ രണ്ട് ദിനം ബാക്കി നില്‍ക്കെ ഇന്നിങ്സിനും 117 റൺസിനുമാണ് ബംഗ്ലാദേശ് ലോക ടെസ്റ്റ് ചാമ്പ്യന്മാരോട് കീഴടങ്ങിയത്. കിവീസ് ഉയര്‍ത്തിയ 395 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 278 റണ്‍സിന് പുറത്തായി.
നാലു വിക്കറ്റ് വീഴ്‌ത്തിയ കെയിൽ ജാമിസണും മൂന്ന് വിക്കറ്റ് നേടിയ നീൽ വാഗ്നറും ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ടിം സൗത്തി, റോസ് ടെയ്‌ലര്‍, ഡാരിൽ മിച്ചൽ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.
ക്യാപ്റ്റന്‍ മൊമിനുൾ ഹഖ് (37), ഷദ്‌മാന്‍ ഇസ്ലാം (21), മുഹമ്മദ് നയീം (24), നജ്‌മുല്‍ ഹുസൈന്‍ ഷാന്‍റോ (29), നൂറുല്‍ ഹസ്സന്‍ (36) എന്നിവരാണ് ബംഗ്ലാദേശിന്‍റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മറ്റു താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ കിവീസ് ആറ് വിക്ക് നഷ്ടത്തില്‍ 521 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ചുറി നേടിയ ടോം ലാഥത്തിന്‍റേയും സെഞ്ചുറി നേടിയ ഡെവന്‍ കോണ്‍വേയുടേയും മിന്നുന്ന പ്രകടമാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ടോം ലാഥം 252 റണ്‍സെടുത്തപ്പോള്‍ കോണ്‍വേ 109 റണ്‍സ് നേടി. വില്‍ യങ് (54), ടോം ബ്ലന്‍ഡല്‍ (57) എന്നിവരും മികച്ച സ്കോർ നേടി.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 126 റണ്‍സിന് പുറത്തായതോടെ, 395 റണ്‍സ് ലീഡെടുത്ത കിവീസ് സംഘത്തെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ട്രെന്‍റ് ബോള്‍ട്ടാണ് അദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. യാസിര്‍ അലി (55), നൂറുല്‍ ഹസ്സന്‍ (41) എന്നിവര്‍ക്ക് മാത്രമാണ് ആദ്യ ഇന്നിംഗ്‌സില്‍ രണ്ടക്കം കാണാനായത്.
വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയില്‍ അവസാനിച്ചു. ബേ ഓവല്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് ബംഗ്ലാദേശ് വിജയിച്ചിരുന്നു. കിവീസ് മണ്ണിലെ ബംഗ്ലാദേശിന്‍റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.