മുംബെെ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ നിഷ്പക്ഷ വേദിയൊരുക്കുന്നത് ഇരു ടീമുകൾക്കും തുല്യ അവസരം നൽകുമെന്ന് ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. ന്യൂസിലൻഡ് ബൗളർമാർ ഉയർത്തുന്ന ഏത് വെല്ലുവിളിയെയും നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാൻമാർ തയ്യാറാണെന്നും പുജാര പറഞ്ഞു.
2020ലെ ന്യൂസിലന്‍ഡ് പര്യടനത്തിലെ തോല്‍വി ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ ബാധിക്കില്ലെന്നും ഇംഗ്ലണ്ടിലെ പിച്ചില്‍ ഹോം ഗ്രൗണ്ടെന്ന ആനുകൂല്യം ആര്‍ക്കും ഇല്ലെന്നും താരം പറഞ്ഞു. ഫാസ്റ്റ് ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയേക്കാള്‍ മുന്‍തൂക്കം കിവീസിനുണ്ടെന്ന തരത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്ന താരം.
also read: ലങ്കന്‍ പര്യടനം വന്‍മതിലിന്‍റെ കീഴില്‍; ടീം പ്രഖ്യാപനം ഈ മാസം അവസാനം
"ഞാൻ അങ്ങനെ വിചാരിക്കുന്നില്ല (ന്യൂസിലാന്‍ഡിന് നേട്ടമുണ്ടാകും). 2020ൽ ഞങ്ങൾ കളിച്ചത് കിവീസിന്‍റെ ഹോം ഗ്രൗണ്ടിലായിരുന്നു. ഡബ്ല്യുടിസി ഫൈനലിൽ അങ്ങനെയാകില്ല, കാരണം ഇത് ഇരു ടീമുകൾക്കും ഒരു നിഷ്പക്ഷ വേദിയാണ്. ഒരു ടീമിനും ഹോം ഗ്രൗണ്ട് എന്ന നേട്ടമുണ്ടാകില്ല. മികച്ച രീതിയില്‍ കളിക്കാനായാല്‍ ലോകത്തെ ഏത് ടീമിനേയും തോല്‍പ്പിക്കാനുള്ള കഴിവ് നമുക്കുണ്ട്". പുജാര പറഞ്ഞു.
"അവരുടെ ബൗളിങ് ആക്രമണം വളരെ സന്തുലിതമാണ്. മുമ്പ് അവരുടെ ബൗളർമാരെ നേരിട്ടതിനാല്‍, അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് മനസിലാക്കാനായിട്ടുണ്ട്. അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തും". പുജാര കൂട്ടിച്ചേര്‍ത്തു. ജൂൺ 18 മുതൽ 22 വരെയാണ് ഡബ്ല്യുടിസി ഫൈനൽ നടക്കുക. അതേസമയം 2020ല്‍ കിവീസിനെതിരെ നടന്ന രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഏകപക്ഷീയമായായിരുന്നു ഇന്ത്യന്‍ സംഘത്തിന്‍റെ തോല്‍വി.