ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം വിരാട് കോലിയും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് താരം നവീൻ ഉൾ ഹഖും തമ്മിൽ കൊമ്പുകോർത്തത് വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. മത്സരത്തിനിടയിലും ശേഷം ഹസ്‌തദാനം നൽകുമ്പോഴുമായിരുന്നു ഇരുവരും തമ്മിൽ കൊമ്പുകോർത്തത്. ഇതിനിടയിലേക്ക് ലഖ്‌നൗ പരിശീലകൻ ഗൗതം ഗംഭീർ കൂടിയെത്തിയതോടെ തർക്കം കൂടുതൽ വഷളാവുകയായിരുന്നു.
ഇതിനുശേഷം സമൂഹ മാധ്യമങ്ങളിലും ഇരുവരും മുഖാമുഖം വന്നിരുന്നു. ഇപ്പോൾ തർക്കം സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഫ്‌ഗാൻ പേസർ നവീൻ ഉൾ ഹഖ്. കോലിയാണ് എല്ലാത്തിനും തുടക്കമിട്ടത് എന്നാണ് നവീന്‍റെ വാദം.
'വഴക്കിന് തുടക്കമിട്ടത് ഞാനല്ല. മത്സരത്തിനിടയിലും അതിന് ശേഷവും കോലി തന്നെയാണ് തർക്കത്തിന് തിരികൊളുത്തിയത്. മത്സരത്തിന് ശേഷം ഞങ്ങൾ ഹസ്‌ത ദാനത്തിനായി നടക്കുമ്പോൾ കോലിയാണ് തുടക്കമിട്ടത്. പെരുമാറ്റ ചട്ട ലംഘനത്തിന് ഞങ്ങൾക്ക് ലഭിച്ച പിഴ തുകകൾ പരിശോധിച്ചാൽ തന്നെ ആരാണ് അത് ആരംഭിച്ചതെന്ന് നിങ്ങൾക്ക് മനസിലാകും' - നവീൻ പറഞ്ഞു.
'ഞാൻ പൊതുവെ ആരെയും സ്ലെഡ്‌ജ് ചെയ്യാറില്ല. ഇനി ഞാൻ സ്ലെഡ്‌ജ് ചെയ്‌താൽ പോലും അത് ക്രീസിലുള്ള ബാറ്റർമാരെ മാത്രമായിരിക്കും. കാരണം ഞാൻ ഒരു ബോളറാണ്. അന്നത്തെ മത്സരത്തിൽ ഞാൻ ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല. ഞാൻ ആരെയും സ്ലെഡ്‌ജ് ചെയ്‌തിട്ടില്ല. ഞാൻ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്‌തുവെന്ന് അവിടെയുണ്ടായിരുന്ന കളിക്കാർക്ക് അറിയാം.
ബാറ്റ് ചെയ്യുമ്പോഴോ മത്സരത്തിന് ശേഷമോ ഒരിക്കലും എന്‍റെ കോപം നഷ്‌ടപ്പെട്ടിട്ടില്ല. മത്സരത്തിന് ശേഷം ഞാൻ ചെയ്‌തത് എല്ലാവർക്കും കാണാൻ കഴിയും. ഞാൻ ഹസ്‌തദാനം നൽകുകയായിരുന്നു. അപ്പോൾ കോലി എന്‍റെ കൈയ്യിൽ ബലമായി പിടിച്ചു. ഞാനും ഒരു മനുഷ്യനാണ്. അതിനാൽ ഞാൻ അതിൽ പ്രതികരിച്ചു' - നവീൻ ഉൾ ഹഖ് പറഞ്ഞു.
എവിടെയായാലും ഒരേ തീവ്രതയോടെ കളിക്കും : മുൻപ് പാകിസ്ഥാന്‍റെ മുഹമ്മദ് ആമിറുമായും 2020-ൽ ഷാഹിദ് അഫ്രീദിയുമായും നവീൻ ഉൾ ഹഖ് വാക്കേറ്റത്തിൽ ഏർപ്പെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു. 'ആരെങ്കിലും എന്നോട് മോശമായി എന്തെങ്കിലും പറഞ്ഞാൽ ഞാൻ പിന്മാറില്ല. 2010-ൽ അഫ്‌ഗാനിസ്ഥാന് വേണ്ടി അണ്ടർ-16 കളിക്കാൻ തുടങ്ങിയത് മുതൽ ഞാൻ ഇങ്ങനെ തന്നെയായിരുന്നു. ഞാൻ അങ്ങോട്ട് പോയി ആരെയും ചീത്ത പറയാറില്ല.
പക്ഷേ ആരെങ്കിലും ഇങ്ങോട്ട് എന്നെ പറഞ്ഞാൽ മിണ്ടാതിരിക്കാനാകില്ല. നിങ്ങൾക്ക് അത് തെറ്റാണെന്ന് പറയാം. അത് എതിർ ടീമിലെ യുവതാരമായാലും മുതിർന്ന ടീമംഗമായാലും, ക്ലബ് മത്സരത്തിലായാലും, അഫ്‌ഗാനിസ്ഥാന് വേണ്ടി കളിക്കുന്നതായാലും, ഐപിഎല്ലിൽ ആയാലും ഞാൻ അതേ തീവ്രതയോടെ ക്രിക്കറ്റ് മത്സരം കളിക്കും. എന്നോട് മോശമായി എന്തെങ്കിലും പറഞ്ഞാൽ ഞാൻ പിൻമാറില്ല - നവീൻ വ്യക്‌തമാക്കി.
സൈബർ ആക്രമണം ബാധിച്ചിട്ടില്ല : സംഭവത്തിന് ശേഷം കോലി ആരാധകരുടെ ഭാഗത്ത് നിന്ന് കടുത്ത ആക്രമണമാണ് നവീന് നേരിടേണ്ടി വന്നിരുന്നത്. കോലി- നവീൻ തർക്കം സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമായി മാറിയിരുന്നു. പിന്നാലെ കോലി ഫാൻസ് നവീന്‍റെ അക്കൗണ്ടിൽ 'പൊങ്കാല'യുമായി എത്തുകയും ചെയ്‌തിരുന്നു. അതേസമയം സൈബർ ആക്രമണം തന്നെ ബാധിച്ചിട്ടില്ല എന്നാണ് നവീൻ പറഞ്ഞത്.
'അത് എന്നെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല. കുറ്റപ്പെടുത്തുന്നവരുടെ വായടയ്‌ക്കാൻ എനിക്കറിയാം. അത് 80,000 പേർക്കും മറുപടി നൽകിക്കൊണ്ട് ആയിരുന്നില്ല. എന്‍റെ പ്രകടനത്തിലൂടെ അവർക്ക് മറുപടി നൽകാനാണ് ഞാൻ ആഗ്രഹിച്ചത്. ഞാൻ എന്‍റെ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
എന്‍റെ കഴിവുകളിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. വിഷയം സോഷ്യൽ മീഡിയയിൽ കത്തിക്കയറുകയായിരുന്നു. എന്നാൽ ഞാൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീരിച്ച് മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. ഞാൻ ഒരിക്കലും സോഷ്യൽ മീഡിയയിലോ ഏതെങ്കിലും പ്ലാറ്റ്‌ഫോമിലോ വിഷയം വലിച്ചിടാൻ ആഗ്രഹിച്ചിട്ടില്ല.
എന്നാൽ സോഷ്യൽ മീഡിയയിൽ എതിര്‍ പക്ഷം മോശമായ കാര്യങ്ങൾ പറയാൻ തുടങ്ങിയപ്പോൾ എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല. ഞാൻ ഒരിക്കലും ഒരു വ്യക്തിയുടെയും പേര് എടുത്ത് പറഞ്ഞ് പോസ്റ്റുകൾ ഇട്ടിട്ടില്ല. ആ മാമ്പഴ സ്റ്റോറിയിൽ പോലും ഞാൻ എന്‍റേത് ആസ്വദിക്കുകയായിരുന്നു - നവീൻ കൂട്ടിച്ചേർത്തു.