മുംബൈ: 49-ാം സെഞ്ച്വറിക്കല്ല ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) നേട്ടത്തിലേക്കാണ് വിരാട് കോലി (Virat Kohli) ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഇംഗ്ലണ്ട് മുന്‍ താരം നാസര്‍ ഹുസൈന്‍ (Nasser Hussain). വിരാട് കോലിക്ക് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 88 റണ്‍സ് അകലെ സെഞ്ച്വറി നഷ്‌ടമായിരുന്നു. ഇതിന് പിന്നാലെയാണ് നാസര്‍ ഹുസൈന്‍റെ പ്രതികരണം.
'വിരാട് കോലിയൊരു വേള്‍ഡ് ക്ലാസ് ബാറ്ററാണ്. വിരാടിന് ഏകദിന ക്രിക്കറ്റില്‍ 49-ാമത്തെയും 50-ാമത്തെയും സെഞ്ച്വറികള്‍ നേടാന്‍ സാധിക്കും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികള്‍ എന്ന നേട്ടവും കോലിക്ക് സ്വന്തമാക്കാന്‍ കഴിയുന്നതാണ്.
എന്നാല്‍, ഇപ്പോള്‍ ഏറ്റവും പ്രധാനം ടീമിന്‍റെ ലോകകപ്പ് വിജയമാണ്. അതിലായിരിക്കണം വിരാട് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ തന്‍റെ 49-ാം സെഞ്ച്വറിക്ക് വേണ്ടിയാകരുത്'- നാസര്‍ ഹുസൈന്‍ പറഞ്ഞു.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവിലെ രണ്ടാം സ്ഥാനക്കാരനാണ് വിരാട് കോലി. 49 സെഞ്ച്വറികള്‍ സ്വന്തമായുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയിലെ ഒന്നാമന്‍. നിലവില്‍ തകര്‍പ്പന്‍ ഫോമിലുള്ള വിരാട് കോലിക്ക് ലോകകപ്പില്‍ തന്നെ സച്ചിന്‍റെ റെക്കോഡ് മറികടക്കാന്‍ സാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഏകദിന ലോകകപ്പില്‍ ഏഴ് മത്സരം പൂര്‍ത്തിയായപ്പോള്‍ 442 റണ്‍സ് നേടാന്‍ കോലിക്കായിട്ടുണ്ട്. നിലവില്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയ താരവും ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററാണ്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിരാടിന് സെഞ്ച്വറിയും നേടാന്‍ സാധിച്ചിരുന്നു.
തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ കയ്യെത്തും ദൂരത്താണ് വിരാടിന് സെഞ്ച്വറി നഷ്‌ടപ്പെട്ടത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 95 റണ്‍സ് നേടി പുറത്തായ താരം ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 88 റണ്‍സ് നേടിയാണ് മടങ്ങിയത്.
വരുന്ന ആഴ്‌ചകളില്‍ തന്നെ വിരാട് കോലിക്ക് തന്‍റെ 49-ാം സെഞ്ച്വറിയിലേക്ക് എത്താന്‍ സാധിക്കുമെന്ന് തന്നെയാണ് താനും പ്രതീക്ഷിക്കുന്നതെന്നും നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടിരുന്നു. '2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അദ്ദേഹത്തിന്‍റെ 99-ാം ഏകദിന സെഞ്ച്വറി നേടുന്നത്. അതിന് ശേഷം ഒരു വര്‍ഷവും 30 ഇന്നിങ്‌സും വേണ്ടി വന്നിരുന്നു അദ്ദേഹത്തിന് 100 സെഞ്ച്വറികളെന്ന നേട്ടത്തിലേക്ക് എത്താന്‍.
താന്‍ കൂടുതല്‍ സമ്മര്‍ദം അനുഭവിച്ചിരുന്ന ഒരു സമയമാണ് അതെന്ന് സച്ചിന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കോലിയും ഇപ്പോള്‍ അതേ സമ്മര്‍ദമായിരിക്കാം അനുഭവിക്കുന്നത്. വരുന്ന ആഴ്‌ചകളില്‍ തന്നെ ഇക്കാര്യത്തില്‍ കളിക്കളത്തിന് പുറത്ത് നിന്നും ഉയരുന്ന ശബ്ദങ്ങളെ നിശബ്‌ദമാക്കാന്‍ കോലിക്ക് സാധിക്കുമെന്നാണ് ഞാനും പ്രതീക്ഷിക്കുന്നത്'- നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.