മുംബൈ : 2019-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ തെരഞ്ഞെടുപ്പ് പക്ഷപാത പരമായിരുന്നു എന്ന എന്ന അമ്പാട്ടി റായുഡുവിന്‍റെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. അടുത്തിടെ ഒരു തെലുഗു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയുടെ മുന്‍ താരമായിരുന്ന അമ്പാട്ടി റായുഡു ഇക്കാര്യം പറഞ്ഞത്. ബിസിസിഐയുടെ ചീഫ് സെലക്‌ടറായിരുന്ന എംഎസ്‌കെ പ്രസാദുമായുള്ള പ്രശ്നങ്ങള്‍ ടീമില്‍ നിന്നുമുള്ള തന്‍റെ പുറത്താവലിന് വഴിവച്ചിരിക്കാം.
തനിക്ക് പകരം സീനിയറും പരിചയസമ്പന്നനുമായ അജിങ്ക്യ രഹാനെയെ ടീമില്‍ എടുത്തിരുന്നുവെങ്കില്‍ അത് മനസിലാക്കാന്‍ കഴിയുന്ന കാര്യമായിരുന്നു. ആ തീരുമാനം ടീമിനും ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ വിജയ് ശങ്കറിന് അവസരം നല്‍കിയ തീരുമാനത്തിന്‍റെ യുക്തി തനിക്ക് മനസിലായില്ലെന്നുമായിരുന്നു റായുഡു പറഞ്ഞത്.
ഇപ്പോഴിതാ താരത്തിന്‍റെ ഈ വാക്കുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐ മുന്‍ ചീഫ് സെലക്‌ടര്‍ എംഎസ്‌കെ പ്രസാദ്. 2019ലെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തത് താന്‍ ഒറ്റയ്‌ക്ക് അല്ലെന്നും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെട്ട എല്ലാവരുടെയും കൂട്ടായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എന്നുമാണ് പ്രസാദ് പറയുന്നത്.
"ടീമിന്‍റെ ക്യാപ്റ്റനും അഞ്ച് സെലക്‌ടര്‍മാരും ചേര്‍ന്നതാണ് സെലക്‌ഷന്‍ കമ്മിറ്റിയെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരു വ്യക്തിയുടെ വാക്കിന്മേല്‍ അല്ല അവിടെ തീരുമാനം എടുക്കുന്നത്. ഏതൊരു കളിക്കാരന്‍റെ കാര്യത്തില്‍ ആയാലും ഏറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ എല്ലാവരും ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഒരു വ്യക്തിക്ക് തീരുമാനമെടുക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് അഞ്ച് സെലക്ടർമാരുടെ ആവശ്യമില്ല". എംസ്‌കെ പ്രസാദ് ഒരു ദേശീയ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"തീരുമാനം എന്തുതന്നെ ആയാലും സെലക്ഷൻ കമ്മിറ്റി ചര്‍ച്ചയിലൂടെ സമവായത്തില്‍ എത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് കൂട്ടായ തീരുമാനമായിരുന്നു അത്. അല്ലാതെ എന്‍റെ വ്യക്തിപരമായ തീരുമാനമല്ല. ഞാൻ എന്തെങ്കിലും നിർദേശിച്ചേക്കാം, പക്ഷേ മറ്റാരെങ്കിലും അത് സ്വീകരിക്കണം. ഒരു കമ്മിറ്റിയിൽ വ്യക്തിഗത തീരുമാനങ്ങളൊന്നും നിലനിൽക്കില്ല" - ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ പ്രസാദ് പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ പ്രസാദിന് കീഴിൽ ക്യാപ്റ്റൻ എന്ന നിലയിൽ കളിക്കുന്നത് താൻ ആസ്വദിച്ചില്ലെന്നും റാഡുയു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരുപക്ഷേ തന്‍റെ ക്യാപ്റ്റൻസി ശൈലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ലെന്നുമായിരുന്നു റായുഡു പറഞ്ഞത്. താരത്തിന്‍റെ ഈ വാക്കുകളോടും 48-കാരന്‍ പ്രസാദ് പ്രതികരിച്ചു.
തങ്ങള്‍ക്ക് ഇടയില്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. "എനിക്ക് നിങ്ങളോട് പറയാന്‍ ഉള്ളത് സത്യത്തിൽ, 2005-ൽ ഒന്നും സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ്. ഞങ്ങള്‍ക്ക് ഇടയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്‍റെ ക്യാപ്റ്റൻസി ശൈലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലായിരിക്കാം എന്നാണ് അവന്‍ പറയുന്നത്. അത് ന്യായമായ കാര്യമല്ല.
കാരണം നിങ്ങൾക്ക് തീർച്ചയായും അഭിപ്രായവ്യത്യാസമുണ്ടാകാം. ഞാൻ എല്ലാ കാര്യങ്ങളിലും കർക്കശക്കാരനാണ്. ഫിറ്റ്നസിൽ ഉള്‍പ്പടെ എല്ലാത്തിലും അങ്ങിനെ തന്നെയാണ്. ഒരുപക്ഷേ അവന് എന്‍റെ ദിനചര്യയോ മറ്റോ ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ല" - പ്രസാദ് പറഞ്ഞു.
ALSO READ: Sanju Samson: 'ഇന്ത്യയുടെ ടി20 ടീമില്‍ സഞ്‌ജു സാംസണ്‍ വേണ്ട'; വമ്പന്‍ പ്രസ്‌താവനയുമായി മുന്‍ താരം
ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ പോലെയുള്ള വലിയൊരു കാര്യത്തിലേക്ക് കൊണ്ടുപോകേണ്ട കാര്യമില്ല. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും റായുഡു തെരഞ്ഞെടുക്കപ്പെട്ടു. ആ മത്സരങ്ങളിൽ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്നാല്‍ പിന്നെ എങ്ങിനെ, ലോകകപ്പ് പോലുള്ള ഒരു വലിയ ടൂര്‍ണമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നും പ്രസാദ് ചോദിച്ചു.