മുംബൈ: ഇന്ത്യയ്‌ക്ക് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച നായകനാണ് എംഎസ് ധോണി. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി തുടങ്ങിയ പ്രധാന കിരീടങ്ങളെല്ലാം ഇന്ത്യയ്‌ക്ക് നേടിത്തരാന്‍ ധോണിക്ക് കഴിഞ്ഞിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്.
'ധോണി എന്‍റർടെയ്ൻമെന്‍റ്' എന്ന നിര്‍മാണ കമ്പനിയിലൂടെ സമീപ കാലത്തായി സിനിമ രംഗത്തേക്കും താരം ചുവടുവച്ചിരുന്നു. ധോണി എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ റോർ ഓഫ് ദി ലയൺ, ദി ഹിഡൻ ഹിന്ദു, ബ്ലേസ് ടു ഗ്ലോറി എന്നിങ്ങനെ മൂന്ന് ചെറിയ ബജറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്.
ഇപ്പോഴിതാ 'ധോണി എന്‍റർടെയ്ൻമെന്‍റ്' ദക്ഷിണേന്ത്യന്‍ സിനിമ മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. തമിഴ്, തെലുഗു, മലയാളം എന്നീ ഭാഷകളില്‍ കമ്പനി ചിത്രങ്ങള്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ധോണിയുടെ ഭാര്യ സാക്ഷിക്കും പ്രൊഡക്ഷൻ കമ്പനിയില്‍ ഉടമസ്ഥതയുണ്ട്.
അതേസമയം ധോണി കോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നടനും നിര്‍മാതാവുമായി ഇരട്ട റോളിലാണ് ധോണി എത്തുക. വിജയുടെ 68-ാം ചിത്രം ധോണിയുടെ കമ്പനിയാവും നിര്‍മിക്കുക എന്നുമായിരുന്നു റിപ്പോര്‍ട്ട്.
അടുത്തിടെ ധോണി വിജയ്‌യെ ഷൂട്ടിങ് സെറ്റിലെത്തി കണ്ടത് വലിയ വാര്‍ത്തയാവുകയും ചെയ്‌തിരുന്നു. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണിന് ശേഷം തന്‍റെ പ്രൊഡക്‌ഷൻ കമ്പനിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങളിലായിരുന്നു ധോണിയുണ്ടായിരുന്നത്.