കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പിലും ബാറ്റര്‍മാര്‍ക്ക് ഏറെ വെല്ലുവിളിയായിട്ടുള്ള താരമാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc). ഏകദിന ലോകകപ്പ് 2015ലെ താരമായ സ്റ്റാര്‍ക്ക് അന്ന് 22 വിക്കറ്റുകളാണ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കായി നേടിയത്. 2019ല്‍ ലോകകപ്പ് ഇംഗ്ലണ്ടിലെത്തിയപ്പോഴും സ്റ്റാര്‍ക്കിന്‍റെ പ്രകടനത്തിന് മാറ്റമുണ്ടായില്ല. സെമിയില്‍ പോരാട്ടം അവസാനിപ്പിച്ച് മടങ്ങേണ്ടി വന്നെങ്കിലും ആ ലോകകപ്പിലും വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനമുറപ്പിക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചിരുന്നു.
ലോകകപ്പ് ഉള്‍പ്പടെയുള്ള വലിയ ടൂര്‍ണമെന്‍റുകള്‍ കളിക്കാനായി ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം കൂടിയാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. 'ബിഗ് മാച്ച് പ്ലെയറായ' സ്റ്റാര്‍ക്ക് ഇത്തവണത്തെ ഏകദിന ലോകകപ്പിനും (Cricket World Cup 2023) ഓസീസ് പടയ്‌ക്കൊപ്പമുണ്ട്. വിക്കറ്റ് വേട്ട തുടരാന്‍ തന്നെയാണ് ഇക്കുറിയും സ്റ്റാര്‍ക്കിന്‍റെ വരവ്.
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള താരങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ സ്റ്റാര്‍ക്ക്. ലോകകപ്പില്‍ മിന്നും പ്രകടനം നടത്തിയാല്‍ ഈ റെക്കോഡ് പട്ടികയില്‍ തലപ്പത്തേക്ക് എത്താന്‍ സ്റ്റാര്‍ക്കിന് സാധിക്കും. എന്നാല്‍ അതിനായി മറികടക്കേണ്ട താരങ്ങള്‍ ആരെന്ന് പരിശോധിക്കാം.
- ഗ്ലെന്‍ മക്ഗ്രാത്ത്
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള താരമാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്. 1996 മുതല്‍ 2007 വരെയുള്ള ലോകകപ്പുകളിലാണ് മക്ഗ്രാത്ത് കളിച്ചിട്ടുള്ളത്. 1999, 2003, 2007 വര്‍ഷങ്ങളില്‍ കങ്കാരുപ്പട ലോകകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ പന്തുകൊണ്ട് ശ്രദ്ധേയമായ പ്രകടനം നടത്താന്‍ മക്ഗ്രാത്തിന് സാധിച്ചിട്ടുണ്ട്.
ലോകകപ്പിലെ നാല് എഡിഷനുകളിലായി 39 മത്സരങ്ങളാണ് മക്‌ഗ്രാത്ത് ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 18.19 ശരാശരിയിലും 3.96 എക്കോണമി റേറ്റിലും പന്തെറിഞ്ഞ താരം 71 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. 2003ലെ ലോകകപ്പില്‍ നമീബിയക്കെതിരെ 15 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് നേടിയതാണ് ഒരു മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനം.
- മുത്തയ്യ മുരളീധരന്‍
സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ രണ്ടാമന്‍. 1996-2011 വരെയുള്ള അഞ്ച് ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിന്‍റെ ഭാഗമായ താരം 68 വിക്കറ്റാണ് നേടിയിട്ടുള്ളത്. 40 മത്സരങ്ങളില്‍ നിന്നാണ് ശ്രീലങ്കയുടെ മുന്‍ താരം ഇത്രയും വിക്കറ്റുകള്‍ നേടിയത്. 19.63 ശരാശരിയിലും 3.88 എക്കോണമി റേറ്റിലുമായിരുന്നു ലോകകപ്പില്‍ താരം പന്തെറിഞ്ഞിരുന്നത്. 2007ലെ ഏകദിന ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് താരത്തിന്‍റെ മികച്ച പ്രകടനം.
- ലസിത് മലിംഗ
യോര്‍ക്കറുകള്‍ കൊണ്ട് എതിരാളികളെ എറിഞ്ഞ് വീഴ്‌ത്തിക്കൊണ്ടിരുന്ന ശ്രീലങ്കയുടെ ലസിത് മലിംഗയാണ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള മൂന്നാമത്തെ താരം. 2007-2019 വരെ നാല് ലോകകപ്പുകളിലാണ് താരം ലങ്കയ്‌ക്കായി കളത്തിലിറങ്ങിയിട്ടുള്ളത്. ഈ ലോകകപ്പുകളിലെ 29 മത്സരങ്ങളില്‍ നിന്നും 56 വിക്കറ്റുകളാണ് മലിംഗ സ്വന്തമാക്കിയിട്ടുള്ളത്. 22.87 ശരാശരിയിലും 5.51 എക്കോണമി റേറ്റിലുമാണ് മലിംഗ ലോകകപ്പില്‍ പ്രകടനം നടത്തിയത്. 2011ലെ ലോകകപ്പില്‍ കെനിയക്കെതിരെ 38 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് താരത്തിന്‍റെ മികച്ച ബൗളിങ് പ്രകടനം.
- വസീം അക്രം
പാക് ഇതിഹസ പേസര്‍ വസീം അക്രമാണ് പട്ടികയിലെ നാലാമന്‍. 1987-2003 വരെയുള്ള അഞ്ച് ലോകകപ്പുകളിലാണ് വസീം അക്രം പാകിസ്ഥാനായി കളിച്ചിട്ടുള്ളത്. ലോകകപ്പിലെ 38 മത്സരങ്ങളില്‍ നിന്നും 23.83 ശരാശരിയിലും 4.04 എക്കോണമി റേറ്റിലും 55 വിക്കറ്റ് നേടാന്‍ വസീം അക്രമിന് സാധിച്ചിരുന്നു. 2003ല്‍ നമീബയ്‌ക്കെതിരെ 28 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് താരത്തിന്‍റെ ലോകകപ്പ് കരിയറിലെ മികച്ച പ്രകടനം.
- മിച്ചല്‍ സ്റ്റാര്‍ക്ക്
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ നിലവില്‍ അഞ്ചാം സ്ഥാനക്കാരനാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. 2015, 2019 ലോകകപ്പുകളില്‍ ഓസ്‌ട്രേലിയക്കൊപ്പം കളിക്കാനിറങ്ങിയ താരം ഇതുവരെ 18 മത്സരങ്ങളില്‍ നിന്ന് 14.81 ശരാശരിയിലും 4.64 എക്കോണമിയിലും 49 വിക്കറ്റാണ് നേടിയിട്ടുള്ളത്. 2015ല്‍ ന്യൂസിലന്‍ഡിനെതിരെ 28 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് താരത്തിന്‍റെ ലോകകപ്പ് കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.