ദുബായ് : ഐസിസി ഏകദിന ബോളര്‍മാരുടെ റാങ്കിങ്ങില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഏറ്റവും പുതിയ റാങ്കിങ്ങില്‍ 729 റേറ്റിങ് പോയിന്‍റുമായി ഒന്നാമനാണ് സിറാജ്. കരിയറില്‍ ആദ്യമായാണ് സിറാജ് റാങ്കിങ്ങില്‍ തലപ്പത്തെത്തുന്നത്.
രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിറാജിന്‍റെ മുന്നേറ്റം. മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ സിറാജ് കേവലം ഒരു വര്‍ഷം കൊണ്ടാണ് ലോക ഒന്നാം നമ്പര്‍ സ്ഥാനം സ്വന്തമാക്കിയത്. നിലവില്‍ ടീം ഇന്ത്യയ്‌ക്ക് എപ്പോഴും ആശ്രയിക്കാവുന്ന പേസറാണ് സിറാജ്.
തന്‍റെ രണ്ടാം വരവിന് ശേഷം കളിച്ച 20 മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റുകളാണ് 28കാരന്‍ വീഴ്‌ത്തിയിട്ടുള്ളത്. ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരെ അടുത്തിടെ നടന്ന ഏകദിന പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു സിറാജ് നടത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം പരമ്പരയിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.
ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ഒന്നാം ഏകദിനത്തിലെ നാല് വിക്കറ്റ് ഉള്‍പ്പടെ രണ്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റുകളാണ് താരം കൊയ്‌തത്. ഇതോടെ ജസ്പ്രീത് ബുംറയ്‌ക്ക് ശേഷം ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ ബോളറാവാനും സിറാജിന് കഴിഞ്ഞു. 727 റേറ്റിങ് പോയിന്‍റുമായി ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് റാങ്കിങ്ങില്‍ രണ്ടാമതുള്ളത്. 708 റേറ്റിങ്ങുമായി ന്യൂസിലന്‍ഡിന്‍റെ ട്രെന്‍റ് ബോള്‍ട്ട് മൂന്നാമതുമാണ്.
ALSO READ: സുവര്‍ണാവസരം നഷ്‌ടപ്പെടുത്തി ഇഷാന്‍; കണ്ണു തള്ളി കോലി, തല താഴ്‌ത്തി രോഹിത്- വീഡിയോ കാണാം
ഇന്ത്യന്‍ ബോളര്‍മാരില്‍ ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനങ്ങള്‍ വീതം മെച്ചപ്പെടുത്തി ശാര്‍ദുല്‍ 35ാമതും ചാഹല്‍ 39ാം റാങ്കിലുമാണെത്തിയത്. 11 സ്ഥാനങ്ങള്‍ ഉയര്‍ന്ന ഷമി 32ാം റാങ്കിലെത്തി. പരമ്പരയില്‍ കളിക്കാതിരുന്ന പേസര്‍ ജസ്‌പ്രീത് ബുംറ രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്ന് 24ാമതായി.