മുംബൈ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്‌ക്ക് ഒരുങ്ങുന്ന ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. പരിക്കേറ്റതിനെ തുടര്‍ന്ന് വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി പരമ്പരയില്‍ നിന്നും പുറത്തായതായി റിപ്പോര്‍ട്ട്. ടി20 ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയുള്ള പരിശീലനത്തിനിടെ ഷമിയുടെ കൈയ്‌ക്ക് പരിക്കേറ്റതായാണ് വിവരം.
ഷമിയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. എന്നാല്‍ ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും ഷമിയ്‌ക്ക് കളിക്കാനായേക്കില്ലെന്നാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലാദേശ് പര്യടനത്തിനായി ഡിസംബര്‍ ഒന്നിന് പുറപ്പെട്ട ടീമിനൊപ്പം ഷമി യാത്ര ചെയ്‌തിട്ടില്ലെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
കൈക്ക് പരിക്കേറ്റ ഷമിയോട് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പിന് ശേഷം നടന്ന ന്യൂസിലൻഡിനെതിരായ വൈറ്റ് ബോൾ പരമ്പരയില്‍ ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവം കണക്കിലെടുക്കുമ്പോള്‍ ഷമിയുടെ പുറത്താവല്‍ ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. അതേസമയം നാളെയാണ് ഇന്ത്യ vs ബംഗ്ലാദേശ് ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഡിസംബർ 14 മുതലാണ് രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്‌ക്ക് തുടക്കമാവുക.