ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കി. അസോസിയേഷന്‍ ഭരണ സമിതിയാണ് ഏകകണ്ഠമായി പ്രസ്തുത തീരുമാനമെടുത്തത്.
അധ്യക്ഷ പദവിയിലിരിക്കെ അസറുദ്ദീന്‍ നിരവധി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. താരത്തെ അസോസിയേഷന്‍റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
“നിങ്ങൾക്കെതിരെ (അസ്ഹറുദ്ദീൻ) അംഗങ്ങൾ നൽകിയ പരാതികൾ പരിഗണിച്ചതിന് ശേഷം, ഈ മാസം 10ന് ചേര്‍ന്ന അപെക്സ് കൗൺസിൽ യോഗത്തിൽ, നിങ്ങൾ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചുവെന്ന് കാണിച്ച് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചു. അപെക്സ് കൗൺസിൽ നിങ്ങളെ സസ്പെൻഡ് ചെയ്യുകയും ഈ പരാതികളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ നിങ്ങളുടെ എച്ച്സിഎ അംഗത്വം റദ്ദാക്കുകയും ചെയ്യുന്നു” കാരണം കാണിക്കല്‍ നോട്ടീസിൽ പറയുന്നു.
also read: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: 'അശ്വിനും ജഡേജയും വേണം'; ശക്തമായ കാരണമുണ്ടെന്ന് സച്ചിന്‍
അതേസമയം 2019 സെപ്തംബറിലാണ് അസ്ഹറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. എന്നാല്‍ മറ്റ് അംഗങ്ങളുമായി നല്ല ബന്ധമായിരുന്നില്ല താരത്തിന് ഉണ്ടായിരുന്നത്. അധ്യക്ഷന്‍ തങ്ങളുമായി കൂടിയാലോചനകള്‍ നടത്താതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് പലതവണ അംഗങ്ങള്‍ ആരോപിച്ചിരുന്നു.
ബിസിസിഐ അംഗീകരിക്കാത്ത ദുബായിലെ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഒരു സ്വകാര്യ ക്ലബിന് അസ്ഹറുദ്ദീൻ മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ടെന്നും ഇത് അസോസിയേഷനില്‍ നിന്നും മറച്ചുവെച്ചുവെന്നും ആരോപണമുണ്ട്.