ദുബായ് : ബൗളിങ് ആക്‌ഷനിലെ പിഴവ് ചൂണ്ടിക്കാട്ടി പാകിസ്ഥാൻ യുവ പേസർ മുഹമ്മദ് ഹസ്‌നൈനിന് വിലക്കേർപ്പെടുത്തി ഐസിസി. ലാഹോറിൽ നടത്തിയ പരിശോധനയിലാണ് 21കാരനായ താരത്തിന്‍റെ ബൗളിങ് ആക്‌ഷൻ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയത്. ഇതോടെ താരത്തിന് അന്താരാഷ്‌ട്ര മത്സരങ്ങളിൽ കളിക്കാനാവില്ല.
മുഹമ്മദ് ഹസ്‌നൈനിന്‍റെ ആക്‌ഷനിൽ അനുവദനീയമായ 15 ഡിഗ്രിയിലധികം വളവുള്ളതായി കണ്ടെത്തിയിരുന്നു. ബിഗ് ബാഷ് ലീഗിൽ കളിക്കുമ്പോഴാണ് താരത്തിന്‍റെ ആക്ഷനിൽ ആദ്യം പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തത്. പിന്നാലെ ഐസിസി പരിശോധന നടത്തുകയായിരുന്നു.
ALSO READ:U-19 World Cup final | കലാശപ്പോരാട്ടത്തിനായി ഇന്ത്യൻ കുട്ടിപ്പട ; ലക്ഷ്യം അഞ്ചാം കിരീടം
അതേസമയം ബൗളിങ് ആക്‌ഷനിൽ ചെറിയ മാറ്റം വരുത്തിയാൽ താരത്തിന് കളത്തിലേക്ക് തിരിച്ചെത്താനാകും. താരത്തിന്‍റെ ബൗളിങ് ആക്‌ഷൻ നിയമപരമായ രീതിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു ബൗളിങ് പരിശീലകനെയും പിബിസി നിയമിക്കും.
പാകിസ്ഥാനുവേണ്ടി എട്ട് ഏകദിനങ്ങളിലാണ് മുഹമ്മദ് ഹസ്‌നൈൻ കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 12 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 18 ടി20 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളും ഈ വലം കൈയ്യൻ പേസർ നേടിയിട്ടുണ്ട്.