അഹമ്മദാബാദ് : വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ആസന്നമായിരിക്കെ ഇന്ത്യൻ ക്യാമ്പിലെ നാല് താരങ്ങൾ കൊവിഡ് ബാധിതരായതോടെ യുവ താരം മായങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തി. ശിഖർ ധവാൻ,ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവർക്കും റിസർവ് താരമായ നവ്‌ദീപ് സെയ്‌നിക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ മൂന്ന് സപ്പോർട്ടിങ് സ്റ്റാഫിനും രോഗബാധയുണ്ട്.
പരമ്പരക്കായി ഇന്ത്യൻ താരങ്ങളെല്ലാം അഹമ്മദാബാദിൽ എത്തിച്ചേർന്നിരുന്നു. പരിശീലനം ആരംഭിച്ചതിനാൽ മറ്റ് താരങ്ങൾക്കും കൊവിഡ് പിടിപെടുമോയെന്ന ഭയം നിലനിന്നിരുന്നു. എന്നാൽ ഇന്നലെ നടത്തിയ പരിശോധനയിൽ പ്രധാന താരങ്ങൾ എല്ലാം തന്നെ നെഗറ്റീവായത് ഇന്ത്യൻ ക്യാമ്പിന് ആശ്വാസം പകർന്നിട്ടുണ്ട്.
ALSO READ: മഹേന്ദ്ര സിങ് ധോണി സൂപ്പർ ഹീറോ; 'അഥർവ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
രോഗബാധിതരായ താരങ്ങളെല്ലാം ഐസൊലേഷനിലാണ്. ഫെബ്രുവരി 6, 9, 11 തിയ്യതികളില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 16, 18, 20 തിയ്യതികളില്‍ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര നടക്കുക.