സിഡ്‌നി: ടി20 ലോകകപ്പിൽ ആതിഥേയരായ ഓസ്‌ട്രേലിയയ്‌ക്ക് വീണ്ടും തിരിച്ചടി. സ്‌പിന്നർ ആദം സാംപയ്‌ക്ക് പിന്നാലെ സൂപ്പർ താരം മാത്യു വെയ്‌ഡിനും കൊവിഡ് സ്ഥിരീകരിച്ചു. സാംപയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ടീം അംഗങ്ങൾ കനത്ത ജാഗ്രതയിലായിരുന്നു. ഇതിനെത്തുടർന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് വെയ്‌ഡിനും കൊവിഡ് സ്ഥിരീകരിച്ചത്.
വെയ്‌ഡിന് നേരിയ കൊവിഡ് ലക്ഷണങ്ങൾ മാത്രമേ ഉള്ളുവെന്നും വെള്ളിയാഴ്‌ച ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ താരം കളിക്കുമെന്നും ടീം വൃത്തങ്ങൾ അറിയിച്ചു. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മാത്യു വെയ്‌ഡിനെ മാത്രമേ ഓസ്‌ട്രേലിയ തങ്ങളുടെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നുള്ളു. മറ്റൊരു വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് പരിക്ക് മൂലം ടീമിൽ ഉൾപ്പെട്ടിരുന്നില്ല.
വ്യാഴാഴ്‌ച നെറ്റ്‌സിൽ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ കീപ്പിങ് പരിശീലനം നടത്തി. നേരത്തെ വെയ്‌ഡിന് ഒരു പക്ഷേ പരിക്കേറ്റാൽ ഡേവിഡ് വാർണർ വിക്കറ്റ് കീപ്പറാകുമെന്ന് നായകൻ ആരോണ്‍ ഫിഞ്ച് നേരത്തെ വ്യക്‌തമാക്കിയിരുന്നു. വാർണറിന് കഴിഞ്ഞില്ലെങ്കിൽ ആ ചുമതല താൻ ഏറ്റെടുക്കുമെന്നും ഫിഞ്ച് വ്യക്‌തമാക്കിയിരുന്നു. ബിഗ് ബാഷ് ലീഗിൽ ഫിഞ്ച് വിക്കറ്റ് കീപ്പറുടെ റോളിൽ തിളങ്ങിയിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ പാടെ ഒഴിവാക്കിയാണ് ഇത്തവണ ടി20 ലോകകപ്പ് നടത്തുന്നത്. കൊവിഡ് പോസിറ്റീവായ താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഓസ്‌ട്രേലിയയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും താരത്തിന് കൊവിഡ് പോസിറ്റീവായാലും വലിയ ലക്ഷണങ്ങൾ ഇല്ലെങ്കിൽ മെഡിക്കൽ സംഘത്തിന്‍റെ നിർദേശം ഉണ്ടെങ്കിൽ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.
കൊവിഡ് ബാധിതരായ കളിക്കാര്‍ക്ക് മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കുക പോലുള്ള ചില കാര്യങ്ങള്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ മതിയാകും. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ അയർലാന്‍റിന്‍റെ ജോർജ് ഡോക്രെൽ കൊവിഡ് പോസിറ്റീവായിരിക്കെ തന്നെ മത്സരത്തിൽ പങ്കെടുത്തിരുന്നു. മറ്റ് താരങ്ങളിൽ നിന്നും ടീം അംഗങ്ങളിൽ നിന്നും സാമൂഹിക അകലം പാലിച്ചാണ് താരം മത്സരത്തിൽ പങ്കെടുത്തത്.